India Kerala

പൗരത്വ നിയമം; കേരളത്തിലും പ്രതിഷേധം തുടരുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം. തിരുവനന്തപുരം പള്ളിപ്പറം സി.ആര്‍.പി.എഫ് ക്യാമ്പിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് ഡോക്ടര്‍മാരുടെ നേതൃത്വത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും സംസ്ഥാനത്ത് കണ്ടത്.

കോഴിക്കോട് തെക്കേപുറം പൗരാവലി സംഘടിപ്പിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം നാടൊന്നാകെ അണിനിരന്നു. കോഴിക്കോട് വലിയ ഖാസി ഇമ്പിച്ചി അഹമ്മദ്, കോഴിക്കോട് ഖാസി ജമലുല്ലൈനി തങ്ങള്‍ എന്നിവരാണ് റാലിക്ക് നേതൃത്വം നല്‍കിയത്. കോഴിക്കോട് പാലേരിയില്‍ നടന്ന സംയുക്ത പ്രകടനത്തിലും നിരവധി പേര്‍ പങ്കെടുത്തു.

തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഡി.ഐ.ജി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഇവിടെ പൊലീസും പ്രവര്‍ത്തകും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോഴിക്കോട് നഗരത്തില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ നിന്ന് തുടങ്ങി മാനാഞ്ചിറ ചുറ്റിയായിരുന്നു പ്രതിഷേധം. മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കോഴിക്കോട്-പാലക്കാട് ദേശിയ പാത ഉപരോധിച്ചു.