കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ വി തോമസ്. മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം മര്യാദകെട്ടതാണെന്ന വിമര്‍ശനമാണ് കെ വി തോമസ് ഉന്നയിക്കുന്നത്. കെ സുധാകരന്‍ നിരന്തരം അധിക്ഷേപ പരാമര്‍ശം നടത്തുന്ന ആളാണ്. സുധാകരനും ബ്രിഗേഡും സോഷ്യല്‍ മീഡിയയിലടക്കം തന്നെ കടന്നാക്രമിച്ചു. തെറി പറയുന്ന ബ്രിഗേഡ് നാടിന് ശാപമാണെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
സഹോദരന്റെ മരണ വാര്‍ത്തയുടെ താഴെ വന്ന് പോലും തെറി പറയുന്ന തരത്തില്‍ ബ്രിഗേഡുകള്‍ തരം താഴുന്നുവെന്ന് കെ വി തോമസ് ചൂണ്ടിക്കാട്ടി. അവര്‍ക്ക് വിവേകം നഷ്ടപ്പെട്ടിരിക്കുന്നു. കെ സുധാകരന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ആ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം സ്വയം വിലയിരുത്തണമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയന്‍ ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയില്‍ ഓടിനടക്കുന്നത് എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇതിനെതിരെ സിപിഐഎം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സുധാകരനെതിരെ കേസെടുക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ, മലബാറിലെ ഒരു നാട്ടുശൈലിയാണ് താന്‍ പറഞ്ഞതെന്നും പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കു ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ അറിയിച്ചിരുന്നു.
ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കെ.സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി സെക്ഷന്‍!! 153ാം വകുപ്പുപ്രകാരമാണ് കേസെന്നു പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടു നല്‍കിയ പരാതിയില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.