India Kerala

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്‌ പരിഷ്കരിക്കുന്നു

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്‌ അടിമുടി പരിഷ്കരിക്കുന്നു. വിദ്യാർഥി സംഘടനകളുടെ പ്രതിഷേധങ്ങൾ മറികടന്ന് മൂന്നംഗ ഉപസമിതി സമർപ്പിച്ച നിർദേശങ്ങൾ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചു. സ്വാശ്രയ കോളജുകളിലെ യു.യു.സിമാർക്ക് പ്രാതിനിധ്യ വോട്ട് നടപ്പിലാക്കുന്ന നീക്കത്തിനെതിരെ സമരം ശക്തമാക്കാനാണ് എം.എസ്.എഫ് – കെ.എസ്.യു – ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടനകളുടെ തീരുമാനം.

റവന്യൂ ജില്ലാ തലത്തിൽ സോണൽ കൗൺസിലുകളും യൂണിവേഴ്സിറ്റി തലത്തിൽ എക്സിക്യൂട്ടിവ് കൗൺസിലും പുതുതായി രൂപീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറുടെ കീഴിൽ സോണൽ കൗൺസിലുകൾക്ക്‌ സ്വതന്ത്ര പ്രവർത്തനം നടത്താം. യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളാകുന്നവർക്ക് മാത്രമാകും യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാൻ കഴിയുക. എന്നാൽ ഗവണ്‍മെന്റ് – എയ്ഡഡ് കോളേജുകൾ, ഡിപ്പാർട്ട്മെന്റ് യൂണിയൻ, ഓഫ് ക്യാമ്പസ്‌ വിഭാഗത്തിലെ യു.യു.സിമാർ യൂണിവേഴ്സിറ്റി എക്സിക്യൂട്ടിവ് കൗൺസിലിൽ നേരിട്ട് അംഗങ്ങളാകുമ്പോൾ സ്വാശ്രയ കോളജുകളിലെ യു.യു.സിമാർ മൂന്നംഗ സംഘങ്ങളായി നോമിനേഷൻ നൽകിയാൽ മാത്രമാണ് യൂണിവേഴ്സിറ്റി എക്സിക്യൂട്ടിവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുക.

ഫലത്തിൽ സ്വാശ്രയ കോളജുകളിലെ ആകെ യു.യു.സിമാരിൽ യൂണിവേഴ്സിറ്റി എക്സിക്യൂട്ടിവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് മൂന്നിലൊന്ന് അംഗങ്ങൾ മാത്രമാകും. ഈ നീക്കത്തിനെതിരെയാണ് എം.എസ്.എഫ് – കെ.എസ്.യു – ഫ്രറ്റേണിറ്റി പ്രവർത്തകർ ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് പ്രതിഷേധിച്ചത്. സിൻഡിക്കേറ്റ് തീരുമാനത്തിന് എതിരെ സമരം ശക്തമാക്കാനും കോടതിയെ സമീപിക്കാനുമാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം.