ഫെബ്രുവരി 15ന് നടത്താനിരുന്ന 113ആം എസ്.എൻ.ഡി.പി വാർഷിക പൊതുയോഗം കൊല്ലം മുൻസിഫ് കോടതി തടഞ്ഞു. എസ്.എൻ.ഡി.പി ബൈലോ ഭേദഗതിക്കും കോടതി വിലക്ക് ഏര്‍പ്പെടുത്തി. നോൺ ട്രേഡിങ് കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എസ്.എൻ.ഡി.പി നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന ഹരജിയിലാണ് കോടതി ഉത്തരവ്.
നോൺ ട്രേഡിങ് കമ്പനി ആക്ട് അനുസരിച്ചാണ് എസ്.എൻ.ഡി.പി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ബൈലോയില്‍ ഭേദഗതി വരുത്തണമെങ്കില്‍ കമ്പനി രജിസ്റ്റാറുടെ മുൻകൂർ അനുമതി വേണം. പക്ഷേ എസ്.എന്‍.ഡി.പി അനുമതി വാങ്ങാതെ ഭാരവാഹികളുടെ കാലാവധി മൂന്ന് വർഷത്തില്‍ നിന്നും അഞ്ച് വർഷമാക്കിയത് ഉള്‍പ്പെടെ നാല് ഭേദഗതികള്‍ വരുത്തി. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ കടകംപള്ളി മനോജാണ് കോടതിയെ സമീപിച്ചത്.
വാർഷിക പൊതുയോഗത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധികളെ തീരുമാനിക്കുന്നത് ഓരോ ശാഖകളിലും തെരഞ്ഞെടുപ്പ് നടത്തിയാകണം. എന്നാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെന്നും ഹർജിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് നടത്തിയാല്‍ 22 ലക്ഷത്തിലധികം അംഗങ്ങള്‍ ഉള്ള എസ്.എൻ.ഡി.പിയില്‍ നിന്നും 13500 പേർ വാർഷിക പൊതുയോഗത്തില്‍ പങ്കെടുക്കണം.
എന്നാല്‍ കഴിഞ്ഞ പ്രാവശ്യം നടന്ന വാർഷിക പൊതുയോഗത്തില്‍ പങ്കെടുത്തത് 1000 പ്രതിനിധികള്‍ മാത്രമാണെന്നും ഹർജിയില്‍ ആരോപിക്കുന്നു. ബൈലോ ഭേദഗതി ഉള്‍പ്പടെയുള്ളവക്കാണ് 15ന് വാർഷിക പൊതുയോഗം വിളിക്കാൻ തീരുമാനിച്ചത്. ഇതിനാണ് കോടതിയുടെ വിലക്ക്.