India Kerala

തൊഴിലുറപ്പ് പദ്ധതി കുടിശ്ശികയായ 1511 കോടി കേന്ദ്രം അനുവദിച്ചു

സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശിക കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായ 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കുടിശ്ശിക മുടങ്ങിയ കാര്യം മീഡിയവൺ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

2018 നവംബർ മുതലുളള കുടിശ്ശികയാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കാനുണ്ടായിരുന്നത്. തൊഴിൽ ചെയ്തതിൻറെ കൂലി 14 ദിവസത്തിനുളളിൽ ബാങ്ക് അക്കൌണ്ടിൽ നിക്ഷേപിക്കണമെന്ന് നിയമമുളളപ്പോഴാണ് 5 മാസമായി കേന്ദ്രം വേതനം വൈകിപ്പിച്ചത്. കുടിശ്ശിക വൈകുന്നതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സർക്കാർ ഇടപടലിന് പിന്നാലെയാണ് കുടശ്ശിക തുകയായ 1511 കോടി രൂപ കേന്ദ്രം അനുവദിച്ചത്.

സംസ്ഥാനത്തെ 14.5 ലക്ഷം കുടുംബങ്ങളുടെ മാസങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 150 തൊഴിൽദിനങ്ങൾ അനുവദിച്ച ഏഴ‌ു ജില്ലകളിലെ തൊഴിലാളികളുടെ കൂലിയും കുടശ്ശികയോടെപ്പം അനുവദിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം ദേശീയ ശരാശരിയേക്കാൾ കൂടുതലായിരുന്നു തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിൽ സൃഷ്ടിച്ച തൊഴിൽ ദിനങ്ങൾ. കേന്ദ്രം അനുവദിച്ച അഞ്ചരക്കോടി തൊഴിൽ ദിനങ്ങൾ ഡിസംബറോടെ തന്നെ സംസ്ഥാനം പൂർത്തീകരിച്ചിരുന്നു.