India National

എന്‍.പി.ആര്‍ നിര്‍ത്തിവെക്കണമെന്ന് രജിസ്ട്രാര്‍ ജനറലിനോട് ആവശ്യപ്പെട്ട് കേരളവും ബംഗാളും

ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ.‌പി‌.ആർ) നടപടികള്‍ നിർത്തിവയ്ക്കാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയോട് (ആർ.‌ജി‌.ഐ) ഔദ്യോഗികമായി ആവശ്യപ്പെട്ട് കേരളത്തിലെയും പശ്ചിമ ബംഗാളിലെയും സർക്കാരുകള്‍. എൻ.‌പി.‌ആർ നടപടികളോട് സഹകരിക്കില്ലെന്ന് ഇരു സംസ്ഥാനങ്ങളും നേരത്തെ അറിയിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും പ്രാദേശിക സെൻസസ് ഓഫീസുകൾ വഴിയാണ് ആർ.‌ജി.‌ഐയുമായി ആശയവിനിമയം നടന്നിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

എൻ‌.പി.‌ആർ‌ നടപടി പൊതുക്രമത്തിന് ഹാനികരമാണെന്നും അതുകൊണ്ട് തന്നെ ഇത് തൽക്കാലം നിർത്തിവയ്ക്കണമെന്നുമാണ് സംസ്ഥാനങ്ങൾ കത്തെഴുതിയത്. ഈ കത്ത് പ്രാദേശിക സെൻസസ് ഓഫീസുകളിലേക്ക് കൈമാറുകയും അവരിൽ നിന്നാണ് തങ്ങൾക്ക് ഇത് കൈമാറിക്കിട്ടിയതെന്നും ഒരു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതേസമയം, എൻ‌.പി.‌ആർ‌ നടപടികളുമായി സംസ്ഥാനങ്ങൾ‌ സഹകരിക്കുന്നില്ലെങ്കിൽ‌ കേന്ദ്രം എന്തുചെയ്യുമെന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിൽ ഇനിയും വ്യക്തതയില്ല. സെൻസസ് പോലെ, എൻ‌.പി‌.ആർ നടപടികളുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിന് ആവശ്യമുള്ളത്ര ആളുകളെ നിയോഗിക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്.

“സംസ്ഥാനങ്ങൾ സഹകരിക്കില്ലെന്ന് വിശ്വസിക്കുന്നില്ല. കാരണം സെൻസസ് നടത്തുന്ന കാര്യം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുണ്ട്. കേരളവും പശ്ചിമ ബംഗാളും സെൻസസ് ഉദ്യോഗസ്ഥരെ ആദ്യഘട്ടത്തിന്റെ കാര്യം അറിയിച്ചിരുന്നു. അതോടൊപ്പം എൻ.‌പി‌.ആർ നടപടികളും നടത്തണമെന്ന് സെന്‍സസ് ഉദ്യോഗസ്ഥരോട് ഇരു സംസ്ഥാനങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ സംസ്ഥാനങ്ങൾക്ക് തന്നെ ഉപകാരപ്പെടും. 2010 ലും 2015 ലും അവർ ഈ നടപടികളില്‍ പങ്കെടുത്തിരുന്നു. പശ്ചിമ ബംഗാൾ നേരത്തെ റേഷൻ കാർഡുകൾക്കായി എൻ.പി.ആർ ഡാറ്റ ഉപയോഗിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

പൗരത്വ നിയമം, 2003 പ്രകാരം, ഒരു ഗൃഹനാഥന്‍ വിവരങ്ങൾ നൽകാതിരുന്നാലോ തെറ്റായ വിവരങ്ങൾ നൽകിയാലോ ആയിരം രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ്. 2010 ലെ എൻ‌.പി‌.ആർ ഫോമിലും ഇത് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ മുന്നറിയിപ്പ് 2020 ലെ എൻ.‌പി‌.ആർ രൂപത്തിൽ ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ഒരാള്‍ നല്‍കുന്ന വിവരങ്ങള്‍ യഥാര്‍ഥമാണെന്ന് ഇതില്‍ ഉറപ്പുവരുത്തുന്നുണ്ട്. പുതിയ എൻ.‌പി.‌ആർ ഫോമിൽ ആധാർ നമ്പർ, മൊബൈൽ ഫോൺ നമ്പർ, ഡ്രൈവിങ് ലൈസൻസ് നമ്പർ, വോട്ടർ ഐ.ഡി നമ്പർ, മാതൃഭാഷ, മാതാപിതാക്കളുടെ ജനനത്തീയതി, സ്ഥലം തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ആർ.‌ജി‌.ഐ തേടുന്നുണ്ട്. പ്രീ-ടെസ്റ്റ് ഘട്ടത്തിൽ, ആർ.‌ജി.‌ഐ ഇതിനൊപ്പം പാന്‍ നമ്പർ കൂടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവസാനഘട്ട എൻ‌.പി.‌ആർ ഫോമിൽ നിന്ന് ഇത് ഒഴിവാക്കുകയായിരുന്നു.