India National

ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും: കെജ്‍രിവാള്‍

മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചതിന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‍രിവാള്‍. ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി വിജയത്തെ കാണുന്നു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും കെജ്‍രിവാള്‍ പറഞ്ഞു.

ബി.ജെ.പിയുടെ മുഖത്തേറ്റ കനത്ത അടിയാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. അതിവര്‍ഗീയ പ്രചാരണങ്ങളെ മറികടന്ന് വികസനം ഉയര്‍ത്തിപ്പിടിച്ച് ആം ആദ്മി പാര്‍ട്ടി നേടിയത് 62 സീറ്റും 53.06 ശതമാനം വോട്ടും. ഇത് നല്ല ചികിത്സ, വിദ്യാഭ്യാസം, സൌകര്യങ്ങള്‍ എന്നിവ ലഭിച്ച കുടുംബങ്ങളുടെ വിജയമാണെന്ന് കെജ്‍രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന നേതാക്കളെല്ലാം വന്‍ ഭൂരിപക്ഷം നേടി. യഥാർത്ഥ രാജ്യസ്നേഹികൾ വിജയിച്ചു. ഇന്ത്യ വിജയിച്ചു എന്നായിരുന്നു സഞ്ജയ് സിങിന്റെ പ്രതികരണം.

ലോക്സഭ തെരഞ്ഞെടുപ്പില്‍ 7 സീറ്റ് നേടിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഫലം. 8 സീറ്റും 39.31 ശതമാനത്തോളം വോട്ടും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പരിതാപകരമാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. അക്കൌണ്ട് തുറന്നില്ലെന്ന് മാത്രമല്ല ലഭിച്ചതാകട്ടെ 4.10 ശതമാനം വോട്ടും.