India National

കശ്മീര്‍ ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍

ജമ്മു കശ്മീർ വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. നേതാക്കളുടെ വീട്ട് തടങ്കൽ, മാധ്യമ, സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ എന്നിവ ചോദ്യം ചെയ്തുള്ള ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിക്കുക.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് വേണ്ടി സീതാറാം യെച്ചൂരി നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് ആദ്യം പരിഗണിക്കുക. കശ്മീര് സന്ദര്‍ശിച്ച് നേരത്തെ യെച്ചൂരി നല്കിയ സത്യവാങ്മൂലം പരിഗണിച്ച് തരിഗാമിയെ ചികിത്സക്കായി എയിംസിലേക്ക് മാറ്റാന് കോടതി ഉത്തരവിട്ടിരുന്നു. സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസും അയച്ചിരുന്നു. പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ യെച്ചൂരി സത്യവാങ്മൂലത്തില്‍ പറഞ്ഞുവെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ഈ ഹരജിയില്‍ കേന്ദ്രം ഇന്ന് കോടതിയില്‍ വിശദീകരണം നല്കിയേക്കും. മാധ്യമ സ്വാതന്ത്ര്യം റദ്ദാക്കിയതിനെതിരെ കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന് നല്കിയ ഹരജിയിലും കോടതി ഇന്ന് വാദം തുടരും. കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യാത്രാനുമതി തേടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സമര്‍പ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. അതേസമയം പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹരജികള്‍ ഒരുമിച്ച് അഞ്ചംഗ ഭരണഘടന ബഞ്ച് ഒക്ടോബറില്‍ പരിഗണിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.