India National

ബി.ജെ.പിക്കെതിരായ പ്രതിഷേധ വേദിയായി കലൈഞ്ജര്‍ അനുസ്മരണം; രാഹുൽ എത്തിയില്ല

തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ ഒന്നാം ചരമവാർഷികാചരണം പ്രതിഷേധ സംഗമമായി. ജമ്മു കശ്മീർ വിഷയത്തിലെ പ്രതിപക്ഷ എതിർപ്പ് വേദിയിൽ പ്രകടമായിരുന്നു. പങ്കെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും രാഹുൽ ഗാന്ധി ചടങ്ങിന് എത്തിയില്ല.

കലൈഞ്ജറുടെ ചരമ വാർഷികം, ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുടെ വേദിയാക്കുകയായിരുന്നു ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്റെ ലക്ഷ്യം. ഒരു പരിധി വരെ അത് സാധിച്ചെങ്കിലും രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പിണറായി വിജയൻ, ചന്ദ്രബാബു നായിഡു എന്നിവരുടെ അസാന്നിധ്യം ചർച്ചയായി. ഭരണപരമായ അസൗകര്യങ്ങളുണ്ടെന്ന് പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവർ പരിപാടിക്കെത്തി. കശ്മീര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ നേതാക്കള്‍, ബി.ജെ.പിക്ക് എതിരെ ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് ആഹ്വാനം ചെയ്തു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോലും കഴിയാത്ത നിസ്സഹായവസ്ഥയാണെന്നാണ് മമത ബാനർജി ചൂണ്ടിക്കാട്ടിയത്. മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസനെയും ക്ഷണിച്ചിരുന്നെങ്കിലും ചടങ്ങിന് എത്തിയില്ല. പ്രതിപക്ഷത്തിന് ഐക്യമില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ ഒരേ വേദിയില്‍ അണിനിരത്താന്‍ സ്റ്റാലിന്‍ ശ്രമിച്ചത്.