India

കർതാർപൂർ തീർത്ഥാടന ഇടനാഴി ഇന്ന് വീണ്ടും തുറക്കും

കർതാർപൂർ തീർത്ഥാടന ഇടനാഴി ഇന്ന് വീണ്ടും തുറക്കും. ഗുരുദ്വാരയിലേക്കുള്ള ആദ്യ ജാഥയിൽ പഞ്ചാബ് മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ഭാഗമാകും.

മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു, മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ എന്നിവർ ഇടനാഴി തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.

സിഖ് സ്ഥാപകൻ ഗുരു നാനാക്ക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമായ പാക്കിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബിനെയും ഗുരുദാസ്പൂർ ജില്ലയിലെ ദേരാ ബാബ നാനാക്ക് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കർതാർപൂർ ഇടനാഴി. കൊവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിൽ കർതാർപൂർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.