India National

കര്‍ണാടക പ്രതിസന്ധിക്കേസ് ഇന്ന് സുപ്രിം കോടതിയില്‍; വിമത എം.എല്‍.എമാരുടെയും സ്പീക്കറിന്റെയും ഹരജികള്‍ പരിഗണിക്കും

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിക്കേസ് ഇന്ന് സുപ്രിം കോടതിയില്‍. വിമത എം.എല്‍.എമാരുടെയും സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെയും ഹരജികള്‍ കോടതി പരിഗണിക്കും. ഇന്നലെ എം.എല്‍.എമാരുമായി നടന്ന കൂടിക്കാഴ്ചയുടെ വീഡിയോ റെക്കോര്‍ഡിംഗ് അടക്കമുള്ള വിശദാംശങ്ങള്‍ സ്പീക്കര്‍ കോടതിക്ക് കൈമാറിയേക്കും. എം.എല്‍.എമാരുടെ രാജിയില്‍ തീരുമാനത്തിന് സാവകാശം വേണമെന്നാണ് ആവശ്യം.

ചീഫ് ജസറ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്പീക്കറോട് തങ്ങളുടെ രാജി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണം എന്നാണ് 10 വിമത എം.എല്‍.എമാരുടെ ഹരജിയിലെ ആവശ്യം. ഈ ഹരജിയില്‍ കോടതി പ്രസ്താവിച്ച ഉത്തരവിന്റെ അടസ്ഥാനത്തില്‍ ഇന്നലെ എം.എല്‍.എമാര്‍‌ സ്പീക്കറെ കണ്ട രാജി സമര്‍പ്പിക്കുകയും സുരക്ഷാ ഭീഷണി അടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒറ്റ രാത്രി കൊണ്ട് ഈ രാജികള്‍ തീരുമാനം എടുക്കാന്‍ ആകില്ലെന്നാണ് സ്പീക്കറുടെ നിലപാട്.

ഭരണഘടന പരമായ ചട്ടങ്ങള്‍ പാലിച്ച് രാജികളില്‍ പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ രമേശ് കുമാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നലെ എം.എല്‍.എമാരുമായി നടന്ന കൂടിക്കാഴ്ചയുടെ വീഡിയോ റെക്കോര്‍ഡിംഗ് അടക്കമുള്ള വിശദാംശങ്ങള്‍ സ്പീക്കര്‍ കോടതിക്ക് കൈമാറിയേക്കും. ഒപ്പം താന്‍ കൈപ്പറ്റിയ എട്ട് രാജികളില്‍ സാങ്കേതികവും ചട്ടപ്രകാരവുമുള്ള പ്രശ്നങ്ങളും കോടതിയെ ബോധ്യപ്പെടുത്തും. മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്‍വിയാണ് സ്പീക്കര്‍ക്കായും മുകുള്‍ റോത്തകി വിമത എം.എല്‍.എമാര്‍ക്കായും ഹാജരാകും.