കർണാടകത്തിൽ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഡിസംബർ 9നാണ് വോട്ടെണ്ണൽ. ഭൂരിപക്ഷം നിലനിർത്താൻ ബി.ജെ.പിക്ക് കുറഞ്ഞത് ആറ് സീറ്റെങ്കിലും ജയിക്കണം. 12 സീറ്റുകളിൽ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസ് പങ്കുവെയ്ക്കുന്നത്. ഭരണ സഖ്യം പിരിഞ്ഞതിന് ശേഷം ബി.ജെ.പി അനുകൂല നിലപാടിലായിരുന്നു ജെ.ഡി.എസിന്. എന്നാൽ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ കുമാരസ്വാമി ഉൾപ്പെടെയുള്ളവർ നിലപാട് മാറ്റിയിട്ടുണ്ട്.
വോട്ടെണ്ണലിന് ശേഷം സഖ്യ ചർച്ചകൾ ആകാമെന്നും ജെ.ഡി.എസ് ബന്ധം അടഞ്ഞ അധ്യായമല്ലെന്നുമാണ് കോൺഗ്രസ് നിലപാട്. അനുകൂല സാഹചര്യമുണ്ടായാൽ സർക്കാർ രൂപീകരിക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്. അയോഗ്യരാക്കിയ 13 വിമതർ ബി.ജെ.പി സ്ഥാനാർഥികളായി മത്സരരംഗത്തുണ്ട്. കോൺഗ്രസ്സുമായി സഖ്യം ഉണ്ടാക്കുന്നതിനെ കുറിച്ച് ജെ.ഡി.എസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും കേന്ദ്രനേതാക്കളൊന്നും സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയിരുന്നില്ല.