തൂത്തുക്കുടിയിലെ ഡി.എം കെ സ്ഥാനാര്‍ഥി കനിമൊഴിയുടെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ് പരിശോധന. രണ്ടര മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കനിമൊഴി പ്രതികരിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പത്ത് പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം കുറിഞ്ഞി നഗറിലെ വീട്ടിലും ഓഫിസിലും പരിശോധന ആരംഭിച്ചത്. പത്തരയോടെ റെയ്ഡ് അവസാനിപ്പിച്ചു മടങ്ങി. തദ്ദേശ ഭരണാധികാരികളില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ വെല്ലൂര്‍ മാതൃകയില്‍ പരിശോധന നടത്തി, തൂത്തുക്കുടിയിലെ തെരഞ്ഞെടുപ്പ് കൂടി റദ്ദാക്കാനായിരുന്നു ബി.ജെ.പി ശ്രമമെന്ന് കനിമൊഴി ആരോപിച്ചു.
തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുമ്പോഴായിരുന്നു പരിശോധന. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ തമിഴിസൈ സൌന്ദര്‍രാജന്റെ വീട്ടില്‍ കോടികളുണ്ടെന്നും അത് പരിശോധിയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമുണ്ടോ എന്നും ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ചോദിച്ചു.
ആണ്ടിപ്പട്ടിയില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ ഓഫിസില്‍ പരിശോധനയ്ക്കെത്തിയ തെരഞ്ഞെടുപ്പ് പ്രത്യേക സ്ക്വാഡിലെ ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായപ്പോഴേയ്ക്കും ഡി.എം.കെ നേതാക്കളുടെയും അനുഭാവികളുടെയും വീട്ടില്‍ മാത്രം പരിശോധന നടത്തുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.