India

നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണെന്ന് ഞങ്ങള്‍ തെളിയിക്കും: കുമ്മനത്തിന് മറുപടിയുമായി മുരളീധരന്‍

നേമത്ത് പോരാട്ടം ഇടത് മുന്നണിയും എൻ.ഡി.എയും തമ്മിലാണെന്ന ഇടത് പ്രചാരണത്തെ വിമർശിച്ച് മുരളീധരൻ. ബി.ജെ.പിക്ക് സ്വാധീനമുണ്ടാക്കി കൊടുക്കാനാണ് എല്‍ഡിഎഫ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്. വർഗ്ഗീയശക്തിയെ ഉയർത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും ബിജെപിയെ തോല്‍പ്പിക്കുകയാണ് യു.ഡി.എഫിന്‍റെ ലക്ഷ്യമെന്നും കെ. മുരളീധരന്‍ മീഡിയവണ്ണിനോട് പറഞ്ഞു.

ബൂത്ത് തലം വരെ കോണ്‍ഗ്രസ്സിന്‍റെ പ്രവര്‍ത്തനം ശക്തമാണ്. അതുകൊണ്ട് വിജയം ഉറപ്പാണ്. മത്സരം ഒന്നാംസ്ഥാനത്തിനാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നേടിയ 47000ത്തിന്‍റെ വോട്ട് 60000 ആക്കുകയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ലക്ഷ്യം വെക്കുന്നത്. വികസനകാര്യത്തില്‍ നേമം ഗുജറാത്തിനൊപ്പമാണെന്ന് കുമ്മനത്തിന്‍റെ പ്രസ്താവനയോട് ഇത് ഗാന്ധിജിയുടെ ഇന്ത്യയാണെന്ന് ഞങ്ങള്‍ തെളിയിക്കുമെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം.

വികസന കാര്യത്തില്‍ ബിജെപിയുടെ മാതൃക സംസ്ഥാനം എന്ന നിലയിലാണ് നേമത്തെ ഗുജറാത്തിനോട് ഉപമിക്കുന്നത് എന്നായിരുന്നു കുമ്മനം പറഞ്ഞത്. മുരളീധരന്‍റെ വരവോടെ ബിജെപിയുടെ വോട്ട് ചോർച്ചയുണ്ടാകുമെന്ന ആരോപണം തെറ്റാണെന്നും കോണ്‍ഗ്രസ്സിന്‍റെ വോട്ട് ചോരാതെ അവര്‍ നോക്കിയാല്‍ മതിയെന്നും കുമ്മനം പറഞ്ഞിരുന്നു.