India

ഫലം വരും മുൻപ് തോൽവി സമ്മതിച്ച് ജെഡിയു

ബിഹാർ തെരഞ്ഞെടുപ്പിൽ ഫലം വരും മുൻപ് തോൽവി സമ്മതിച്ച് ജെഡിയു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തങ്ങളെ തോൽപ്പിച്ചത് ആർജെഡിയോ തേജസ്വി യാദവോ അല്ല, മറിച്ച് കൊവിഡാണെന്നും ജെഡിയു വക്താവ് കെ.സി ത്യാഗി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ത്യാഗിയുടെ പ്രതികരണം.

ആർജെഡിക്കെതിരെ വിമർശം ഉന്നയിച്ചായിരുന്നു ത്യാഗിയുടെ പ്രതികരണം. വലിയ തരത്തിലുള്ള ഒരു വികസനവും ആർജെഡി ബിഹാറിൽ നടപ്പാക്കിയിട്ടില്ല. പ്രകൃതി മാത്രമാണ് തങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്നും ത്യാഗി പറഞ്ഞു. ത്യാഗിയുടെ പ്രതികരണം വന്നതിന് പിന്നാലെ ബിഹാറിൽ ജെഡിയു സഖ്യം മുന്നേറുകയാണ്.

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. എൻഡിഎയിൽ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.