India National

തൊഴില്‍ ലഭിക്കുന്നില്ല, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു; മോദി സര്‍‌ക്കാറിനെതിരെ ഉദ്ദവ് താക്കറെ

ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. നിലവിലെ സാമ്പത്തിക മാന്ദ്യത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും തൊഴില്‍, വ്യവസായ നഷ്ടങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

”സാമ്പത്തിക മാന്ദ്യം ഉണ്ടോ ഇല്ലയോ എന്നത് നമ്മള്‍ പിന്നീട് മനസ്സിലാക്കും. പക്ഷെ ജോലി നഷ്ടപ്പെടുന്നു, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു. ഇത് വ്യക്തമാണ്, അത് നാം അംഗീകരിക്കണം.” ശിവസേന മുഖപത്രമായ സാമ്‌നക്ക് നല്‍കിയ അഭിമുഖത്തില്‍ താക്കറെ പറഞ്ഞു.

മുംബൈയിലെ ആരേയ് കോളനിയില്‍ മരം മുറിച്ച സംഭവത്തിലും അവിടെ കാര്‍ ഷെഡ് തുടങ്ങാനുള്ള തീരുമാനത്തിലും പാര്‍ട്ടിക്കുള്ള എതിര്‍പ്പും അഭിമുഖത്തില്‍ ഉദ്ദവ് താക്കറെ പ്രകടിപ്പിച്ചു. കൂടാതെ കുടിപ്പക രാഷ്ട്രീയം കൊണ്ടു നടക്കുന്നത് ശരിയല്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, അദ്ദേഹത്തിന്റെ സഹോദരീപുത്രന്‍ അജിത് പവാര്‍ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനെ സൂചിപ്പിച്ച് പ്രതികാര രാഷ്ട്രീയത്തിന് മഹാരാഷ്ട്രയില്‍ സ്ഥാനമില്ലെന്നും താക്കറെ പ്രതികരിച്ചു. അധികാരവും അവകാശവും ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്നും പ്രതികാര രാഷ്ട്രീയം കൊണ്ടുനടക്കരുതെന്നും താക്കറെ പറഞ്ഞു.