India National

ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കിയതായി അന്തിമഫലങ്ങള്‍

പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു ശേഷം തെരഞ്ഞെടുപ്പ് നടന്ന രണ്ടുഘട്ടങ്ങളില്‍ ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കിയതായി അന്തിമഫലങ്ങള്‍. പാര്‍ട്ടിയുടെ വോട്ടുബാങ്ക് 55 ശതമാനമായി ഉയര്‍ന്നപ്പോള്‍ ബി.ജെ.പി താഴേക്കു പോയി. നരേന്ദ്ര മോദി പ്രസംഗിച്ച ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ചിലും ബി.ജെ.പി തോറ്റപ്പോള്‍ അമിത് ഷാക്ക് രണ്ടിടത്ത് മാത്രമാണ് ബി.ജെ.പിയെ വിജയിപ്പിക്കാനായത്. അതേസമയം രാഹുല്‍ ഗാന്ധി പ്രസംഗിച്ച ആറില്‍ നാലിടത്തും കോണ്‍ഗ്രസ് ജയിച്ചു. പൗരത്വബില്‍ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധമായാണ് ജാര്‍ഖണ്ട് ഫലം മാറുന്നത്.

നരേന്ദ്ര മോദി എന്ന മുഖവും അമിത് ഷായുടെ പുതിയ ആക്രമണാത്മക രാഷ്ട്രീയവും പാടെ പരാജയപ്പെടുന്നതാണ് ഝാര്‍ഖണ്ഡില്‍ കണ്ടത്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രിയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി നയിച്ച പ്രചാരണം ഝാര്‍ഖണ്ഡിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന പ്രചരണവുമായി 11 മണ്ഡലങ്ങളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും പ്രചാരണം നയിച്ചിരുന്നു. മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ മണ്ഡലത്തിലടക്കം ആദിത്യനാഥിന് ബി.ജെ.പിയെ രക്ഷിക്കാനായില്ല. 70,000ത്തില്‍ പരം വോട്ടുകള്‍ക്ക് കഴിഞ്ഞ തവണ ജയിച്ചു കയറിയ രഘുബര്‍ദാസ് 10,000ത്തിലധികം വോട്ടുകള്‍ക്കാണ് പാര്‍ട്ടിയുടെ തന്നെ വിമതനോട് തകര്‍ന്നടിഞ്ഞത്. ബി.ജെ.പി ശക്തികേന്ദ്രങ്ങളായിരുന്ന പോട്ക, ജുക്‌സലായി, ബഗോദര്‍ എന്നിവിടങ്ങളിലും കനത്ത തോല്‍വിയാണ് ആദിത്യനാഥ് സമ്മാനിച്ചത്. പാകിസ്ഥാനില്‍ നിന്നും വരുന്ന മുസ്‌ലിംകള്‍ക്ക് പൗരത്വം കൊടുക്കുമെന്ന് പരസ്യമായി പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്ന അമിത് ഷായുടെ വെല്ലുവിളിയും ഏശിയില്ല. പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം നോക്കി തിരിച്ചറിയാന്‍ ആഹ്വാനം ചെയ്ത നരേന്ദ്ര മോദിയുടെ ധ്രുവീകരണനീക്കവും പരാജയപ്പെട്ടു. അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കാണ് ജനം വോട്ടു ചെയ്തതെന്നും ബാലക്കോട്ട് മാതൃകയില്‍ എല്ലാ തെരഞ്ഞെടുപ്പും തീവ്രദേശീയ അജണ്ടകളിലൂടെ ജയിച്ചു കയറാനാവുമെന്നുമുള്ള ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടലാണ് പാടെ പിഴച്ചത്.

വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും മതംമാറ്റ വിരുദ്ധ നിയമവും ഝാര്‍ഖണ്ടിലെ ആദിവാസി ബെല്‍റ്റില്‍ ചലനം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി രഘുബര്‍ദാസിനെ കുറിച്ചുയര്‍ന്ന ആരോപണങ്ങള്‍ കണ്ടില്ലെന്ന് നടിച്ചും സാമ്പത്തിക മേഖലയിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ മറച്ചു പിടിച്ചും ഝാര്‍ഖണ്ഡില്‍ ബി.ജെ.പി നടത്തിയ പ്രചാരണം മഹാസഖ്യത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുകയാണുണ്ടയത്. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം അമിത് ഷായെ അധ്യക്ഷ പദവിയിലിരുത്തി ബി.ജെ.പി നേരിട്ട അവസാനത്തെ അസംബ്ലി തെരഞ്ഞെടുപ്പ് കൂടിയാണിത്.