India

ജനുവരി 16 സ്റ്റാര്‍ട്ട് അപ് ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

സ്റ്റാര്‍ട്ട് അപ്പുകള്‍ നവഇന്ത്യയുടെ നട്ടെല്ലാണെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 150 സ്റ്റാര്‍ട്ട് അപ് കമ്പനികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ജനുവരി 16 സ്റ്റാര്‍ട്ട് അപ് ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

സ്വയംപര്യാപ്തത കൈവരിക്കാനും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ വികസിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇനി വരാനിരിക്കുന്നത് സ്റ്റാര്‍ട്ട് അപ്പുകളുടെ സുവര്‍ണകാലമാണ്. സ്റ്റാര്‍ട്ട് അപുകളുടെ ലോകത്ത് ഇന്ത്യന്‍ പതാകയുയര്‍ത്തി മാതൃകയായ യുവസംരഭകരെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.

കൃഷി, ആരോഗ്യം, ഫിന്‍ടെക്ക്, സ്‌പേസ്, പരിസ്ഥിതി, സാമ്പത്തികം, സുരക്ഷ, ഇന്‍ഡസ്ട്രി 4.0 മുതലായ മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പുകളാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. തൊഴില്‍, വ്യവസായ മേഖലകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാനായി സംഘടിപ്പിച്ച അമൃത മഹോത്സവത്തിന്റെ ഭാഗമായായിരുന്നു സ്റ്റാര്‍ട്ട് അപ്പുകളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ജനുവരി 10 മുതല്‍ 16 വരെയാണ് അമൃത മഹോത്സവം നടക്കുന്നത്. സ്റ്റാര്‍ട്ട് അപ് ഇന്ത്യ മുന്നേറ്റത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഡിപിഐഐടിയും വാണിജ്യ വ്യവസായമന്ത്രാലയവും സംയുക്തമായി അമൃത മഹോത്സവം സംഘടിപ്പിച്ചത്.