India National

ജനത ക൪ഫ്യൂവിന് പിന്നാലെ സമ്പൂ൪ണ അടച്ചിടൽ; ഡൽഹി അടക്കം ഏഴ് സംസ്ഥാനങ്ങൾ പൂ൪ണമായും അടച്ചിടും

അവശ്യ സേവനങ്ങളൊഴികെ എല്ലാം അടച്ചിടാനാണ് ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനം. പഞ്ചാബ്, രാജസ്ഥാൻ, ജാ൪ഖണ്ഡ്, തെലങ്കാന,ആന്ധ്ര പ്രദേശ്, ബീഹാ൪ എന്നീ സംസ്ഥാനങ്ങളും പൂ൪ണമായും അടച്ചിടും

കോവിഡ് 19നെ നിയന്ത്രിക്കാൻ ജനത ക൪ഫ്യൂവിന് പിന്നാലെ സമ്പൂ൪ണ അടച്ചിടൽ പ്രഖ്യാപിച്ച് പല സംസ്ഥാനങ്ങളും. തലസ്ഥാന നഗരിയിൽ ഈ മാസം അവസാനം വരെ അവശ്യ സേവനങ്ങൾ ഒഴികെയുള്ളതെല്ലാം നി൪ത്തിവെക്കാൻ ഡൽഹി സ൪ക്കാ൪ ഉത്തരവിട്ടു. ഡൽഹിക്ക് പുറമെ ആറ് സംസ്ഥാനങ്ങളിലും സമ്പൂ൪ണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ ഭാഗികമായും നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് 19 രണ്ടാംഘട്ടത്തിൽ വെച്ച് തന്നെ നേരിടാനുള്ള നീക്കങ്ങളാണ് രാജ്യവ്യാപകമായി നടക്കുന്നത്. ഇപ്പോഴും സമൂഹ വ്യാപനം പൂ൪ണമായും സംഭവിച്ചിട്ടില്ലാത്തതിനാൽ നിലവിലെ നിയന്ത്രണങ്ങൾ കൊറോണ വൈറസ് ബാധയെ പടരാതിരിക്കാൻ സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ.

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പ്രഖ്യാപിച്ച 14 മണിക്കൂ൪ ജനത ക൪ഫ്യൂ വരും ദിവസങ്ങളിലും പല സംസ്ഥാനങ്ങളിലും തുടരും. അവശ്യ സേവനങ്ങളൊഴികെ എല്ലാം അടച്ചിടാനാണ് ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനം. പഞ്ചാബ്, രാജസ്ഥാൻ, ജാ൪ഖണ്ഡ്, തെലങ്കാന,ആന്ധ്ര പ്രദേശ്, ബീഹാ൪ എന്നീ സംസ്ഥാനങ്ങളും പൂ൪ണമായും അടച്ചിടും. ഇവിടങ്ങളിൽ സമ്പൂ൪ണ നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമെ പല സംസ്ഥാനങ്ങളും ഭാഗികമായ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് 19 റിപ്പോ൪ട്ട് ചെയ്തിട്ടുള്ള ജില്ലകളിലാണ് നിയന്ത്രണങ്ങൾ.

അതിനിടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 7 ആയി. മഹാരാഷ്ട്രയിലും ഗുജറാത്തിലും ബീഹാറിലുമാണ് മരണം റിപ്പോർട്ട്‌ ചെയ്തത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 396 ആയി. രാജ്യത്തെ 75 ജില്ലകൾ പൂർണമായും അടച്ചിടാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. ഡൽഹിയിൽ 144 പ്രഖ്യാപിച്ചു.

ഇന്നലെ കോവിഡ് 19 ബാധിച്ചു 3 പേരാണ് മരിച്ചത്. ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിഞ്ഞവരാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം വൈകീട്ട് 6 മണി വരെയുള്ള ഐസിഎംആർ കണക്ക് പ്രകാരം 396 പേർക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്.

രോഗബാധ സ്ഥിരീകരിച്ച 75 ജില്ലകൾ പൂർണമായും അടച്ചിടണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശിച്ചു. ഇതുവരെ കോവിഡ് 19 ഇരുപത് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കൂടുതൽ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പഞ്ചാബ്, അസം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ പൂർണമായ അടച്ചിടലിലേക്ക് നീങ്ങി. പാൽ, ഭക്ഷ്യ വസ്തുക്കൾ, ആശുപത്രി ആവശ്യം എന്നീ സേവനങ്ങൾ മാത്രമാണ് ലഭ്യമാകുക. അസമിൽ ഇതുവരെയും രോഗബാധ റിപ്പോർട്ട്‌ ചെയ്തില്ലെങ്കിലും മുൻ കരുതൽ എന്ന നിലയിലാണ് നടപടി. ഡൽഹിയിൽ നിരോധനാജ്ഞ മാർച്ച്‌ 31 വരെയാണ് പ്രഖ്യാപിച്ചത്.

കൂട്ടം കൂടുന്നത് ഒഴിവാക്കണം. എല്ലാ തരം പരിപാടികളും നിർത്തി വെക്കണമെന്നും നിർദേശമുണ്ട്. 31 വരെ മെട്രോ സർവീസുകൾ പൂർണമായും നിർത്തി വെച്ചു. സുരക്ഷക്കായി പല സംസ്ഥാനങ്ങളും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും എന്നാണ് സൂചന.