ഝാര്‍ഖണ്ഡില്‍ ട്രെയിനിടിച്ച് 12 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ജംതാരയിലെ കലജ് ഹാരിയ റെയില്‍വേ സ്റ്റേഷനിലാണ് ദുരന്തമുണ്ടായത്. ട്രെയിനിന് തീ പിടിച്ചെന്ന് ഒരു സന്ദേശം വന്നതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയവര്‍ക്ക് മേല്‍ മറ്റൊരു ട്രെയിന്‍ തട്ടിയാണ് മരണങ്ങള് സംഭവിച്ചത്. ഭഗല്‍പൂരിലേക്കുള്ള അംഗ എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. സംഭവച്ചത് എന്താണെന്നും ഈ സന്ദേശം എങ്ങനെ പരന്നു എന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.
അംഗ എക്സ്പ്രസില്‍ നിന്ന് താഴേക്ക് ചാടിയവരെ ഝഝാ അസന്‍സോള്‍ എക്സ്പ്രസാണ് ഇടിച്ചുതെറിപ്പിച്ചത്. ട്രെയിനിന് തീ പിടിച്ചെന്ന് ആരോ വിളിച്ചുപറഞ്ഞെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. ട്രെയിനില്‍ നിന്ന് താഴേക്ക് ചാടിയ നിരവധി പേര് പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.ട്രെയിനിലുണ്ടായിരുന്നവരല്ല മറിച്ച് ട്രാക്കിലൂടെ സഞ്ചരിച്ചവരാണ് അപകടത്തില്‍പ്പെട്ടത് എന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ട്രാക്കിലൂടെ നടക്കുകയായിരുന്ന രണ്ട് പേരും മരിച്ചെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവയ്ക്കുന്ന വിവരം. ട്രെയിനില്‍ യാതൊരു വിധത്തിലുള്ള തീപിടുത്തവും ഉണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ നല്കുന്ന പ്രാഥമിക വിവരം. റെയില്‍വേ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.