India National

ജമ്മു കശ്മീരില്‍ അറസ്റ്റും നടപടികളും തുടരുന്നു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് 73ആം ദിവസവും അറസ്റ്റും തുടർ നടപടികളും തുടരുന്നു. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി എന്നാരോപിച്ച് ഹ്യാത് അഹമ്മദ് ഭട്ടിനെ അറസ്റ്റു ചെയ്തു. പ്രതിഷേധ സംഗമം സംഘടിപ്പിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സഹോദരിയെയും മകളെയും പൊലീസ് 30 മണിക്കൂറിന് ശേഷം വിട്ടയച്ചു.

ജമ്മു കശ്മീർ ശാന്തമാണെന്നാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ആവർത്തിക്കുന്നത്. എന്നാൽ റിപ്പോർട്ടുകൾ മറിച്ചാണ്. ചന്തകളിലും വ്യാപാര സ്ഥാപനങ്ങളിലും ആളില്ല. വിദ്യാലയങ്ങള്‍ തുറന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല.‌ ഇതിനിടെ അറസ്റ്റും നിയമ നടപടികളും പൊലീസ് തുടരുകയാണ്.

ആഗസ്റ്റ് 6,7 തിയതികളില്‍ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി എന്നാരോപിച്ച് ഹ്യാത് അഹമ്മദ് ഭട്ടിനെ അറസ്റ്റ് ചെയ്തു. വിദേശ മാധ്യമങ്ങളിലടക്കം ഇടം പിടിച്ച പ്രതിഷേധമായിരുന്നു 6,7 തിയതികളില്‍ സൌറയില്‍ നടന്നത്. ജനങ്ങളെ അക്രമത്തിലേക്ക് നയിച്ച ഹ്യാതിന്റെ അറസ്റ്റ് നേട്ടമാണെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ജമ്മു കശ്മീര്‍ മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഹ്യാതിനെതിരെ നേരത്തെയുള്ള 16 കേസുകള്‍ക്ക് പുറമെ മൂന്ന് എണ്ണം കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതിനിടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ ചൊവ്വാഴ്ച പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത വനിതാ നേതാക്കളെ പൊലീസ് വിട്ടയച്ചു. 30 മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സഹോദരി സുരയ്യ, മകൾ സഫിയ, ജമ്മു കശ്മീർ ചീഫ് ജസ്റ്റിസായിരുന്ന ബഷീർ അഹമ്മദ് ഖാന്റെ ഭാര്യ ഹവ ബഷീര്‍ അടക്കമുള്ള വനിതാ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.