India National

സ്പെയിനിലെ കാളപ്പോര് അനുസ്മരിപ്പിക്കുന്ന ജല്ലിക്കെട്ട് സ്റ്റേഡിയം തമിഴ്‌നാട്ടിൽ; 44 കോടി ചിലവ്, ഉദ്ഘാടനം ഇന്ന്

തമിഴ്നാട്ടിലെ ജല്ലിക്കെട്ട് ഇനി ലോകോത്തര നിലവാരമുള്ള സ്റ്റേഡിയത്തിൽ. മധുര ജില്ലയിൽ അളങ്കാനല്ലൂരിനടുത്ത് കീഴക്കരൈയിലാണ് പുതിയ ജെല്ലിക്കെട്ട് അരീന ഒരുങ്ങുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ ജന്മശതാബ്ദി വാർഷികത്തോടനുബന്ധിച്ചാണ് കലൈഞ്ജർ കരുണാനിധി ജെല്ലിക്കെട്ട് അരീന നിർമ്മിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് നിർവഹിക്കും

സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ 44 കോടി രൂപ ചെലവിലാണ് ഈ ജെല്ലിക്കെട്ട് അരീന നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പുതിയ സ്റ്റേഡിയത്തിൽ ജെല്ലിക്കെട്ട് നടത്താനാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ പഴയ അലങ്കാനല്ലൂർ വേദിയിൽ തന്നെയായിരിക്കും ഇത്തവണയും ജെല്ലിക്കെട്ട് നടക്കുക.

പൊങ്കലിന് (ജനുവരി 15) ശേഷമാണ് എല്ലാ വർഷവും മധുരയിലെ ആവണിയാപുരത്ത് ജെല്ലിക്കെട്ട് ആരംഭിക്കുന്നത്. തുടർന്ന് ജനുവരി 16ന് മഞ്ഞമല പാലമേട് ജല്ലിക്കെട്ടും ജനുവരി 17ന് പ്രശസ്തമായ അളങ്കാനല്ലൂർ ജല്ലിക്കെട്ടും നടക്കും.

കാണികൾക്ക് ഇത്തവണ 66 ഏക്കർ സ്ഥലത്ത് നിർമിച്ച പുതിയ അരീനയിൽ വച്ച് ജെല്ലിക്കെട്ട് കാണാനാകില്ലെങ്കിലും അടുത്ത വർഷം മുതൽ ഈ വേദിയിൽ ആയിരിക്കും ജെല്ലിക്കെട്ട് നടക്കുക. 4000ഓളം പേരെ ഉൾക്കൊള്ളുന്നതാണ് സ്റ്റേഡിയം. വേദിയിലേക്ക് എത്താനുള്ള പുതിയ റോഡുകൾ സംസ്ഥാന ഹൈവേ വകുപ്പാണ് നിർമ്മിക്കുന്നത്. 22 കോടി രൂപ ചെലവിലാണ് റോഡ് നിർമാണം.

കൂടാതെ, വാടി വാസൽ (ബുൾ എൻട്രി പോയിന്റ്), അഡ്മിനിസ്ട്രേഷൻ ഓഫീസ്, കാളകളുടെ പരിശോധന മുറി, കാള രജിസ്ട്രേഷൻ സെന്റർ, മ്യൂസിയം, കാളകളെ മെരുക്കുന്നവർക്കുള്ള കാത്തിരിപ്പ് മുറി, വെറ്ററിനറി ക്ലിനിക്, മെറ്റീരിയൽ സ്റ്റോറേജ് റൂം, ഡോർമിറ്ററി തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.