India National

ഇന്ത്യയിലെ മുസ്ലീങ്ങള്‍ സുരക്ഷിതരാണ്, അവരെ സംരക്ഷിക്കും; കേന്ദ്രമന്ത്രി അബ്ബാസ് നഖ്‌വി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്ബോള്‍ ബില്ലിനെ ന്യായീകരിച്ച്‌ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ഇന്ത്യ ഒരു സ്വര്‍ഗമാണ്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് പാക്കിസ്ഥാന്‍ നരകമാണെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

ചിലര്‍ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വര്‍ഷങ്ങളായി കഴിയുന്ന മുസ്ലിംങ്ങളെ പൗരത്വ നിയമം ബാധിക്കില്ല. ഇന്ത്യയിലെ മുസ്ലിംകള്‍ സുരക്ഷിതരാണ്. അവരെ സംരക്ഷിക്കുമെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.

പൗരത്വ ബില്‍ പാസാക്കിയശേഷം വളരെ അപകടകരമായ മാനസികാവസ്ഥയിലേക്ക് രാജ്യത്തെ മാറ്റാന്‍ ചിലര്‍ ശ്രമിച്ചു. സാമൂഹിക തലത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനും ശ്രമം നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയല്‍ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ വലിയ പ്രശ്‌നങ്ങളാണ് നേരിടുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഇവിടെയുള്ള ന്യൂനപക്ഷങ്ങളും നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.