India National

ഇന്തോനേഷ്യന്‍ നേവി പിടികൂടിയ ഇന്ത്യന്‍ കപ്പലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഇൻഡോനേഷ്യന്‍ നേവി പിടിച്ച കപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഇത് വരെ മോചിപ്പിക്കാനായില്ല. കഴിഞ്ഞ ആറ് മാസത്തോളമായി ഇന്തോനേഷ്യന്‍ നേവിയുടെ പിടിയിലാണെന്നും തങ്ങളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കപ്പലില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശി വീഡിയോ സന്ദേശം അയച്ചു.

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് മലയാളകളുള്‍പ്പെടെ 23 ഇന്ത്യക്കാർ അടങ്ങുന്ന കപ്പൽ കഴിഞ്ഞ ആറ് മാസത്തോളമായി ഇൻഡോനേഷ്യയിൽ പിടിച്ചു വച്ചിരിക്കുകയാണെന്നും മോചന ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടുമാണ് വീഡിയോ സന്ദേശം. ആഴ്ച്ചകള്‍ക്കു മുമ്പും കുടുങ്ങി കിടക്കുന്നതായി അറിയിച്ച് മൂസക്കുഞ്ഞി വീ‍ഡിയോ സന്ദേശം അയച്ചിരുന്നു.

വീഡിയോ സന്ദേശമയച്ച കാസര്‍കോട് ഉപ്പള സ്വദേശി മൂസക്കുഞ്ഞിയെ കൂടാതെ മറ്റ് മൂന്ന് മലയാളികളും കപ്പലിലുണ്ട്. കാസര്‍കോട് സ്വദേശി അനൂപ് തേജ്, കൊപ്പളം സ്വദേശി കലന്തര്‍, എന്നീ കാസര്‍കോട് സ്വദേശികളും, പാലക്കാട് പെരുഞ്ചിറ സ്വദേശി വിപിന്‍രാജ് എന്നയാളുമാണ് കപ്പലിലെ മലയാളികള്‍. ഇവരെ കൂടാതെ ഉത്തര്‍പ്രദേശ് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 23 പേരും കപ്പലിലുണ്ടെന്നും മൂസക്കുഞ്ഞി വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.

പേഗാസസ് എന്ന സിംഗപ്പൂരിലെ ആംഗ്ലോ ഈസ്റ്റർ ഷിപ്പിംഗ് കമ്പനിയുടെ കപ്പല്‍ സിംഗപ്പൂരില്‍ കപ്പലിന്‍റെ അറ്റകുറ്റ പണികള്‍ക്കായി എത്തിച്ചത്. അറ്റകുറ്റ പണികള്‍ക്ക് ശേഷം ഓസ്ട്രേലിയയിലേക്ക് പോകാന്‍ ചരക്ക് കയറ്റുന്നതിനായി നങ്കൂരമിട്ടപ്പോഴാണ് കപ്പൽ അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇൻഡോനേഷ്യൻ നാവികസേന പിടികൂടിയത്.

ഈ കപ്പല്‍‍ കൂടാതെ മറ്റ് രണ്ട് കപ്പലുകള്‍ കൂടെ ഇന്തോനേഷ്യന്‍ നേവി കഴിഞ്ഞ ആറ് മാസത്തോളമായി പിടിച്ച് വെച്ചിട്ടുണ്ടെന്നും മൂന്ന് കപ്പലുകളിലുമായി 60 ഓളം ഇന്ത്യക്കാരുണ്ടെന്നും മൂസക്കുഞ്ഞി വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.