India

ഇന്ന് ദേശീയ നാവികസേനാ ദിനം; ഓപറേഷൻ ട്രൈഡന്റിന് 50 വയസ്

ഇന്ന് ദേശീയ നാവികസേനാ ദിനം. 1971ൽ ഇതേ ദിവസമാണ് ഇന്ത്യൻ നാവികസേന കറാച്ചിയിലെ പാകിസ്താന്റെ നാവികകേന്ദ്രം ആക്രമിച്ചത്. ആ ദിനത്തിന്റെ ഓർമയ്ക്കായാണ് ഡിസംബർ നാല്, ദേശീയ നാവികസേനാ ദിനമായി ആചരിക്കുന്നത്. ( indian national navy day )

ഓപ്പറേഷൻ ട്രൈഡന്റ് എന്നായിരുന്നു 1971ലെ ആ നിർണായക പോരാട്ടത്തിന് ഇന്ത്യൻ നാവികസേന നൽകിയ പേര്. പാകിസ്ഥാന്റെ പടക്കപ്പലായ പിഎൻഎസ് ഖൈബാറും പിഎൻഎസ് മുഹാഫിസും ഉൾപ്പെടെയുള്ള കപ്പലുകൾ അന്ന് ഇന്ത്യൻ നാവികസേന മുക്കിക്കളഞ്ഞു. നൂറുകണക്കിന് പാകിസ്ഥാൻ നാവികസൈനികരെ വധിച്ചു. 13 ദിവസം നീണ്ടുനിന്ന 1971ലെ യുദ്ധത്തിൽ പാകിസ്താന്റെ പ്രധാന തുറമുഖ നഗരമായ കറാച്ചിയെ ആക്രമിച്ചതാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ആ ആക്രമണം പാകിസ്ഥാന് ഏൽപിച്ച ആഘാതം ഏറെ വലുതായിരുന്നു. മേഖലയിലെ യുദ്ധത്തിൽ അന്നാദ്യമായിട്ടായിരുന്നു കപ്പൽ വേധ മിസൈലുകൾ ഉപയോഗിച്ചത്.

ഇന്ന് ലോകത്തെത്തന്നെ ഏറ്റവും മികച്ച നാവികസേനകളിലൊന്നാണ് ഇന്ത്യൻ നാവികസേന. അത്യാധുനിക കപ്പലുകളും എയർക്രാഫ്റ്റുകളും നാവികസേനയുടെ ശേഖരത്തിലുണ്ട്. കടലിലെ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ഉൾപ്പടെയുള്ള മേഖലകളിൽ ഇന്ത്യൻ നാവികസേന കൈവരിച്ച വളർച്ച അത്ഭുതകരമാണ്. എത്രയോ ചെറുരാജ്യങ്ങൾക്ക് ഇന്ത്യൻ നാവികസേനയാണ് സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്. നൂറ്റമ്പതോളം കപ്പലുകളും സബ് മറൈനുകളും മുന്നൂറോളം എയർക്രാഫ്റ്റുകളും നാവികസേനയ്ക്ക് സ്വന്തമായുണ്ട്. എഴുപതിനായിരത്തോളം സ്ഥിരം ഉദ്യോഗസ്ഥരും അമ്പത്തയ്യായിരത്തോളം റിസർവ് ഉദ്യോഗസ്ഥരുമാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.