ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലുടെ വളർന്ന് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച പ്രസ്ഥാനം, ഇന്ന് അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. മൂന്നു പതിറ്റാണ്ടായി തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെ നേരിടുമെന്നറിയാതെ ഉഴലുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
1885 ഡിസംബറിൽ ബോംബെയിലെ ഗോകുൽദാൽ തേജ്പാൽ സംസ്‌കൃത കോളജിൽ നടന്ന യോഗത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിറവിയെടുക്കുന്നത്. എഒ ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ രൂപീകരിച്ച സംഘടനയുടെ ആദ്യ അധ്യക്ഷനായി ഡബ്ല്യു സി ബാനർജിയെ തെരഞ്ഞെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 72 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം ഇന്ത്യൻ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒന്നാണ്. ഇന്ത്യയിലെ ജനങ്ങളോട് ബ്രിട്ടീഷുകാരുടെ കൊടും ക്രൂരതകൾക്കെതിരെ തദ്ദേശീയരുടെ പ്രസ്ഥാനം രൂപവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു കോൺഗ്രസിന്റെ രൂപീകണം.
1857 ലെ ഒന്നാംസ്വാതന്ത്ര്യ സമരത്തിന് ശേഷം ഉരുത്തിരിഞ്ഞ സാമൂഹിക കാരണങ്ങൾ, രാജ്യത്ത് ദേശീയ സ്വഭാവമുള്ള ആദ്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് വഴിയൊരുക്കി.ദേശീയത എന്ന വികാരം ആദ്യകാലങ്ങളിൽ ഉയർത്തിപ്പിടിച്ച കോൺഗ്രസിന് പിന്നീടാണ് രാഷ്ട്രീയ സ്വഭാവം കൈവന്നത്.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മോഹൻദാസ് കരംചന്ദ് ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‌റെ സമരങ്ങൾക്ക് വേറിട്ടമുഖം നൽകി. 1924ൽ മഹാത്മാഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനായി. ഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസിന്‌റെ ബഹുജനാടിത്തറ വിപുലീകരിച്ചു. ആനി ബസന്റ്, സുഭാഷ് ചന്ദ്ര ബോസ്,ജവഹർലാൽ നെഹ്‌റു,ഇന്ദിരാഗാന്ധി,രാജീവ് ഗാന്ധി തുടങ്ങിയ 61 പേർ ഒന്നര നൂറ്റാണ്ടിനിടയിൽ പാർട്ടിയെ നയിച്ചു. 1897 ൽ അധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായർ മാത്രമാണ് പാർട്ടിയെ നയിച്ച ഏക മലയാളി.
22 വർഷം അധ്യക്ഷ പദവിയിലിരുന്ന സോണിയ ഗാന്ധിയാണ് പാർട്ടിയെ ഏറ്റവും കൂടുതൽ കാലം നയിച്ച വ്യക്തി. സംഘടനാപരമായും, പാർലമെന്ററി രംഗത്തും 90കൾക്ക് ശേഷം കോൺഗ്രസിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തിരിച്ചടികൾ നേരിട്ട് തുടങ്ങി. എന്നാൽ ഇടയ്ക്ക് ചില ഇടവേളകൾ ഒഴിച്ച് നിർത്തിയാൽ 2014 വരെ മുന്നണി സംവിധാനത്തിൽ കോൺഗ്രസ് ഇന്ത്യയെ നയിച്ചു. പക്ഷേ, ഒന്നും രണ്ടും യുപിഎ സർക്കാർ കാലത്തെ അഴിമതി കഥകൾ വലിയ തിരിച്ചടിക്ക് വഴിയൊരുക്കി. ഇപ്പോൾ കോൺഗ്രസിന്റെ പുതുതലമുറ മുഖമായ രാഹുൽ ഗാന്ധി ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച് നഷ്ടപ്രതാപം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്.
ഒരുകാലത്ത് രാജ്യത്ത് പടർന്ന് പന്തലിച്ച പാർട്ടി ഇന്ന് അടിത്തറ വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. 2024 ലെ പരീക്ഷണം കൂടി വിജയിച്ചില്ലെങ്കിൽ സംഘടനയ്ക്കുണ്ടാകുന്ന ആഘാതം ചെറുതാകില്ല.