India

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേന; ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാൾ

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാൾ. വിപുലമായ പരിപാടികളോടെ രാജ്യം വായുസേനാ ദിനം ആഘോഷിക്കും. രാജ്യത്തിന് ആകാശചിറകിൽ സുരക്ഷ ഒരുക്കുന്ന ഇന്ത്യൻ വായുസേന ഏകദേശം 1,70,000 അംഗബലമുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്. ( indian air force day 2021 )

ഒരു രാജ്യം എന്ന രീതിയിൽ ആകാശ സുരക്ഷ ഒരുക്കുന്ന വ്യോമസേന ഇന്ത്യയുടെ അഭിമാനമാണ്. സുരക്ഷയുടെയും സംരക്ഷണത്തിന്റെയും തണൽ രാജ്യത്തിന് നൽകുന്ന വായുസേന 89 ആം പിറന്നാൾ ദിനത്തിൽ ആധുനികതയുടെ പര്യായമായി മാറിയിരിക്കുന്നു. ഏകദേശം 1,70,000 ഓളം അംഗബലമുള്ള ഇന്ത്യൻ വ്യോമസേന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്.

1932 ഒക്ടോബർ 8 ന് രൂപികരിയ്ക്കപ്പെട്ട ഇന്ത്യൻ വ്യോമസേനയ്ക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത് 6 ഓഫിസർമാരും, 19 എയർമാൻമാരും മാത്രമായിരുന്നു. 1933 ഏപ്രിൽ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രൻ നിലവിൽ വരുന്നത്. നാല് വെസ്റ്റ്‌ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരും അടങ്ങുന്നതായിരുന്നു ആദ്യത്തെ സ്‌ക്വാഡ്രൻ.

രണ്ടാം ലോക മഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യൻ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങൾ നേടുകയും, കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിൽ ഇവർ വഹിച്ച ധീരമായ പങ്ക് കണക്കിലെടുത്ത് ഈ സേനയ്ക്ക് ‘റോയൽ’ എന്ന ബഹുമതിപദം നൽകിയതോടെ, സേനയുടെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്‌സ് എന്നായി മാറി.

സ്വാതന്ത്രാനന്തരം കണ്ട ഇന്ത്യപാക് യുദ്ധം, ഇന്നും അതിർത്തിയിൽ അശാന്തി നിറക്കുന്ന അയൽക്കാരൻ ചൈനയുമായുള്ള ആദ്യ യുദ്ധം, രണ്ടാം ഇന്ത്യപാക് യുദ്ധം, 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധം, കൊടുംമഞ്ഞിലെ കൊടുംചതിക്ക് പകരം നൽകിയ കാർഗിൽ യുദ്ധം അങ്ങനെ വായുസേന രാജ്യത്തിന് വിജയം സമ്മാനിച്ച പോരാട്ടങ്ങളേറെയുണ്ട്. ഒടുവിൽ 2019 ബാലാകോട്ട് ആക്രമണത്തിലും എയർഫോഴ്‌സ് റോയൽ എയർഫോഴ്‌സ് തന്നെയായി.

89ാം പിറന്നാൾ ആഘോഷിക്കുമ്പോൾ മറ്റ് എതൊരു രാജ്യത്തെക്കാളും എറെ പ്രായോഗിക അനുഭവങ്ങളും ആധുനിക വിമാനങ്ങളും ഇന്ത്യൻ വായുസേനയ്ക്ക് സ്വന്തമാണ് റഫാൽ വിമാനങ്ങൾ കുടി കുട്ടിച്ചേർക്കപ്പെട്ടതോടെ എറെ സുശക്തമായിരിയ്ക്കുകയാണ് ഇന്ന് ഇന്ത്യൻ വ്യോമസേന. 9.3 ടൺ ആയുധങ്ങൾ വഹിക്കാൻ റഫാലിന് ശേഷിയുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട് മിസൈലുകളും വഹിക്കാനാവും. ആണവ മിസൈൽ ആക്രമണ സൌകര്യവും അത്യാധുനിക റഡാർ സൗകര്യവും റാഫാലിന്റെ പ്രത്യേകതയാണ്. ശത്രുവിന്റെ റഡാറുകൾ നിശ്ചലമാക്കാനും സാധിക്കും. വ്യോമസേന ദിനാചരണങ്ങളുടെ ദേശിയ തലപരിപാടികൾ ഉത്തർപ്രദേശീലെ ഹിൻഡൻ വ്യോമതാവാത്തിലാണ് നടക്കുന്നത്.