2014നു ശേഷം ഇന്ത്യ കളിച്ച ആദ്യ ടെസ്റ്റ് മത്സരമാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ സമാപിച്ചത്. മത്സരം സമനില ആയിരുന്നു. പക്ഷേ, വെറും സമനില എന്നതിനപ്പുറം ഒരു ടെസ്റ്റ് മാച്ചിൻ്റെ എല്ലാവിധ ആവേശവും നിറഞ്ഞ മത്സരമായിരുന്നു കഴിഞ്ഞത്. തോൽവി ഉറപ്പിച്ച ഇടത്തുനിന്ന് ഇന്ത്യൻ വനിതകൾ നടത്തിയ ചെറുത്തുനിൽപ്പാണ് ടെസ്റ്റ് മത്സരത്തിൻ്റെ സൗന്ദര്യം.
വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുന്ന രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും. ആഷസ് മത്സരങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഒരു ടീമും ഇടക്കിടെ വൈറ്റ് ജഴ്സിയിൽ കളിക്കാറുണ്ട്. അത്തരം ഒരു ടീമിനു മുന്നിലേക്കാണ് 2014നു ശേഷം ഒരു ടെസ്റ്റ് പോലും കളിക്കാത്ത ഇന്ത്യ ലാൻഡ് ചെയ്യുന്നത്. ഇംഗ്ലണ്ട് കണ്ടീഷനിലാണ് കളി. ആദ്യ ഇന്നിംഗ്സിൽ ഫോളോ ഓൺ വഴങ്ങേണ്ടി വന്നു. രണ്ടാം ഇന്നിംഗ്സിൽ 199 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറിൽ നിന്ന് വെറും 34 റൺസിൻ്റെ ലീഡ് മാത്രമാണ് ഇന്ത്യക്കുള്ളത്. അവിടെ നിന്ന്, അഞ്ച് വർഷങ്ങൾക്കു ശേഷം ദേശീയ ടീമിൽ കളിക്കുന്ന ഒരു 27കാരി ഇന്ത്യൻ ചെറുത്തുനിൽപ്പിന് കടിഞ്ഞാൺ പിടിക്കുകയാണ്.
എട്ടാം വിക്കറ്റിൽ ശിഖ പാണ്ഡേയുമൊത്ത് 41 റൺസിൻ്റെ കൂട്ടുകെട്ട്. 9ആം വിക്കറ്റിൽ വിക്കറ്റ് കീപ്പർ തനിയ ഭാട്ടിയയുമായിച്ചേർന്ന് കൂട്ടിച്ചേർത്തത് അപരാജിതമായ 104 റൺസ്. ഹെതർ നൈറ്റ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചു. സ്വയം പന്തെറിഞ്ഞു. വട്ടം കൂടി സ്ലെഡ്ജ് ചെയ്തു. സ്നേഹും തനിയയും കീഴടങ്ങിയില്ല. ഇതിനിടെ, വൈറ്റ് ജഴ്സിയിലെ അരങ്ങേറ്റത്തിൽ തന്നെ സ്നേഹ് നിറമുള്ള ഫിഫ്റ്റിയും തികച്ചു. ഒടുവിൽ സമനില അംഗീകരിച്ച് ഹെതർ മിതാലിക്ക് കൈകൊടുക്കുമ്പോൾ സ്നേഹ് 80 നോട്ടൗട്ടായിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്സിൽ നേടിയ 4 വിക്കറ്റ് ഇതിനോട് ചേർത്തുവായിക്കണം.
സ്നേഹിനൊപ്പം എടുത്തുപറയേണ്ട മറ്റ് ചില പേരുകളും ഉണ്ട്. ദീപ്തി ശർമ്മ വേണ്ടത്ര ശ്രദ്ധ കിട്ടാത്ത പ്ലയറാണ്. ഐഡിയൽ ഓൾറൗണ്ടർ. ത്രീഡി പ്ലയർ. ഫീൽഡിൽ ദീപ്തി അവിശ്വസനീയമാണ്. ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർ. പന്തെറിയുമ്പോൾ തലച്ചോർ ഉപയോഗിച്ച് എതിരാളികളെ കുഴയ്ക്കുന്ന താരം. ബാറ്റ് ചെയ്താൽ ടീമിന്റെ ആവശ്യത്തിനനുസരിച്ചുള്ള പ്രകടനം. ടീം ഒരു തകർച്ച അഭിമുഖീകരിക്കുകയാണെങ്കിൽ ദീപ്തി 100 ശതമാനം പോരാളിയാകും. എ യുണിക്ക് ടാലന്റ്. ആദ്യ ഇന്നിംഗ്സിൽ ദീപ്തി 29 നോട്ടൗട്ടായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഫിഫ്റ്റി.
തനിയ ഭാട്ടിയ മികച്ച വിക്കറ്റ് കീപ്പറാണ്. പക്ഷേ, ഭാട്ടിയ ഇന്ത്യക്കായി ഇറങ്ങുന്നത് ഏഴാമതും എട്ടാമതുമൊക്കെയാണ്. ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ തനിയ ഇറങ്ങിയത് 9ആം നമ്പരിലാണ്. ബൗളിങ് ഓൾ റൗണ്ടർ ശിഖ പാണ്ഡെയ്ക്കും ശേഷം. പക്ഷേ, 9ആം വിക്കറ്റിൽ സ്നേഹ് റാണക്കൊപ്പം 104 റൺസിന്റെ അപരാജിത കൂട്ടുകെട്ടുയർത്തി തനിയ ഇന്ത്യയെ സംരക്ഷിച്ചു. 44 നോട്ടൗട്ടാണ് തനിയ.
മത്സരത്തിൽ ഷഫാലിയും സ്നേഹ് റാണയും ഔട്ട്സ്റ്റാൻഡിംഗ് പ്രകടനം നടത്തിയപ്പോൾ സ്മൃതി, ദീപ്തി, പൂനം, ശിഖ, തനിയ എന്നിവരൊക്കെ അസാധ്യമായി കളിച്ചു. ഇത്ര മനോഹരമായി ഒരു ടെസ്റ്റ് മാച്ചിനെ സമീപിക്കാനറിയുന്ന ഇന്ത്യക്ക് ഇനിയും ടെസ്റ്റ് മത്സരങ്ങൾ ലഭിക്കണം എന്നതിലാണ് ന്യായം. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റ് അതിൻ്റെ തുടർച്ചയാവട്ടെ എന്ന് ആശംസിക്കുന്നു.