India

‘ഒരിക്കല്‍ ഇന്ത്യയുടെ പേര് മോദി എന്നാക്കും’: പരിഹസിച്ച് മമത ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സ്റ്റേഡിയങ്ങളുടെ പേര് മാറ്റുകയും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ഫോട്ടോ അച്ചടിക്കുകയും ചെയ്ത പ്രധാനമന്ത്രി ഒരു ദിവസം രാജ്യത്തിന് തന്നെ സ്വന്തം പേരിടുമെന്നായിരുന്നു മമത ബാനര്‍ജിയുടെ പരിഹാസം. കൊല്‍ക്കത്തയില്‍ നടന്ന വനിതാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

‘സ്റ്റേഡിയത്തിന് സ്വന്തം പേരിടുന്നു. കോവിഡ് സര്‍ട്ടിഫിക്കറ്റിലും സ്വന്തം ചിത്രം പതിപ്പിക്കുന്നു. തന്റെ ഫോട്ടോ ഐഎസ്ആര്‍ഒ വഴി ബഹിരാകാശത്തേക്ക് അയക്കുന്നു. രാജ്യത്തിന് തന്നെ അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് ഇനി വരാനിരിക്കുന്നത്’- മമത പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ബിജെപി നേതാക്കള്‍ കൊല്‍ക്കത്തയില്‍ എത്തുന്നത്. ഇവിടെയെത്തി പച്ചക്കള്ളങ്ങള്‍ വിളിച്ചുപറയുകയാണ്. കൊല്‍ക്കത്തയിലെ പ്രശസ്തമായ ബ്രിഗേഡ് ഗ്രൗണ്ടിനെ പ്രധാനമന്ത്രി ബി-ഗ്രേഡ് ഗ്രൗണ്ടാക്കി മാറ്റിയെന്നും മമത പറഞ്ഞു. ബ്രിഗേഡ് ഗ്രൗണ്ടില്‍ മോദി കഴിഞ്ഞ ദിവസം റാലി നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരിഹാസം.

സ്ത്രീ സുരക്ഷയെപ്പറ്റിയും ബി.ജെപി നേതാക്കള്‍ വാചാലരാവുന്നുണ്ട്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥ എന്താണ്. മോദിയുടെ പ്രിയപ്പെട്ട ഗുജറാത്തിലെ അവസ്ഥയെന്താണ്. ‘മാതൃകാ സംസ്ഥാന’മായ ഗുജറാത്ത് അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തുന്നതെന്നും മമത കുറ്റപ്പെടുത്തി.

പെട്രോള്‍, ഡീസല്‍ വര്‍ധനക്കെതിരെ മമത ബാനർജി സ്കൂട്ടർ ഓടിച്ചു പ്രതിഷേധിച്ചതിനെ മോദി പരിഹസിച്ചിരുന്നു. സ്കൂട്ടറിൽ നിന്നു വീഴാതിരുന്നത് നന്നായി. സ്കൂട്ടർ ഭവാനിപുരിന് പകരം നന്ദിഗ്രാമിലേക്കാണ് തിരിഞ്ഞത്. ആർക്കും പരിക്കു പറ്റാതിരിക്കട്ടെ. പക്ഷേ സ്കൂട്ടർ നന്ദിഗ്രാമിൽ വീഴാൻ തീരുമാനിച്ചാൽ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നുമായിരുന്നു മമത നന്ദിഗ്രാമില്‍ മത്സരിക്കുന്നതിനെ കുറിച്ച് മോദി പറഞ്ഞത്.