India National

പാകിസ്താനിലേക്ക് ഒഴുകുന്ന നദികളെ യമുനയിലേക്ക് വഴിതിരിച്ച് വിടുമെന്ന് കേന്ദ്രമന്ത്രി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാകിസ്താന്റെ ‘വെള്ളംകുടി’ മുട്ടിക്കുമെന്ന മുന്നറിയിപ്പാണ് ഗഡ്കരി ഉയര്‍ത്തുന്നത്. ജമ്മു കശ്‍മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഗഡ്കരി പാകിസ്താന് കടുത്ത മുന്നറിയിപ്പ് നല്‍കുന്നത്. പാകിസ്താനുള്ള എം.എഫ്.എന്‍ പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളയുകയും ഇറക്കുമതി കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന.

ഉത്തര്‍പ്രദേശിലെ ബാഗ്പട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഗഡ്കരിയുടെ പ്രസ്താവന. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് മൂന്നു നദികള്‍ ഒഴുകുന്നുണ്ട്. ഈ നദികളെ യമുനയിലേക്ക് ഗതിതിരിച്ചുവിടുമെന്നാണ് ഗഡ്കരി പറയുന്നത്. ഈ മൂന്നു നദികളെയും ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇതിന് ശേഷം ഇവയുടെ ഗതി തിരിച്ചുവിടുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുമെന്നും ഗഡ്കരി പറഞ്ഞു.

”നമ്മുടെ മൂന്നു നദികള്‍ പാകിസ്താനിലേക്ക് ഒഴുകുന്നുണ്ട്. യഥാര്‍ഥത്തില്‍ നമുക്ക് അവകാശപ്പെട്ട ജലമാണ് പാകിസ്താനിലേക്ക് എത്തുന്നത്. ഈ മൂന്നു നദികളിലേയും ജലം യമുനയിലേക്ക് ഗതിതിരിച്ചുവിടുന്ന ഒരു പദ്ധതി തയാറാക്കുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നുണ്ട്. ഇതോടെ യമുനയില്‍ ആവശ്യത്തിനുള്ള ജലം നിറയും.” – ഗഡ്കരി പറഞ്ഞു. നേരത്തെ പുല്‍വാമ ഭീകരാക്രമണത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച ഗഡ്കരി, വീരമൃത്യു വരിച്ച ജവാന്‍മാരുടെ ത്യാഗത്തെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞിരുന്നു.