വാക്സിൻ സുരക്ഷിതമാണെന്നും ദുഷ്പ്രചരണങ്ങളിൽ വീഴരുതെന്നും പ്രധാനമന്ത്രി. വാക്സീൻ വിതരണം രണ്ടാം ഘട്ടത്തിൽ 30 കോടിയിൽ എത്തിക്കും. വാക്സിൻ വിതരണം ആരംഭിച്ചെന്ന് കരുതി പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് കുറഞ്ഞ സമയം കൊണ്ട് വാക്സിനെത്തിയെന്ന് മോദി പറഞ്ഞു. രാജ്യത്തുള്ള എല്ലാവരെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു. വാക്സിന് വേണ്ടി അശ്രാന്തരം പരിശ്രമിച്ചു. രാജ്യത്തിന്‍റെ ഏറെ നാളത്തെ ചോദ്യത്തിനുള്ള മറുപടിയാണിത്. വലിയ ദൗത്യമെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. കോവിഡ് വാക്സിൻ കുത്തിവെപ്പ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
2 വാക്സിനുകളും മെയ്ഡ് ഇൻ ഇന്ത്യയാണ്. ഇത് രാജ്യത്തിന്‍റെ മികവിന് ഉദാഹരണമാണ്. രാജ്യത്തെ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കും. വാക്സിൻ വിതരണം മുൻഗണന പട്ടിക പ്രകാരമായിരിക്കും. മുൻഗണന പട്ടികയിൽ സർക്കാർ – സ്വകാര്യ മേഖല എന്ന വേർതിരിവുണ്ടാകില്ലെന്നും മോദി പറഞ്ഞു.
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 3006 ബൂത്തുകളിലാണ് വാക്സിനേഷൻ. മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ. രണ്ടാം ഘട്ടത്തിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും രോഗവ്യാപന സാധ്യത ഏറിയ 50 വയസ്സിൽ താഴെ പ്രായമുള്ളവർക്കും. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡും ഭാരത് ബയോടെകിന്‍റെ കോവാക്സിനുമാണ് ആദ്യം നൽകുന്നത്. 1.65 കോടി കോവിഷീൽഡ്, കോവാക്സിൻ ഡോസുകളാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ഇതിൽ 56 ലക്ഷം ഡോസ് കോവി ഷീൽഡ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു.
ഡൽഹിയിൽ 75 കോവിഷീൽഡ് വിതരണ കേന്ദ്രങ്ങളും 6 കോവാക്സിൻ കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളത്. വാക്സീനേഷൻ സെന്ററുകൾ അടുത്ത ഘട്ടത്തിൽ 175ഉം പിന്നീട് 1000വും ആക്കും. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളലാണ് കുത്തിവെപ്പ്. 2.74 ലക്ഷം ഡോസ് വാക്സിനാണ് ഡൽഹിക്ക് ലഭിച്ചിട്ടുള്ളത്.