വാക്സിന് വിതരണത്തിന് മുമ്പായി സംസ്ഥാനങ്ങളിലെ സാഹചര്യവും നിർദേശങ്ങളും വിലയിരുത്തി കേന്ദ്ര സർക്കാർ. തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്താനിരിക്കുന്ന ചർച്ചക്ക് മുമ്പായി കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തും. വാക്സിന്‍ വിതരണത്തിനായി യാത്രാ വിമാനങ്ങളെ സജ്ജമാക്കാന്‍ സമയം എടുക്കുന്നതായാണ് റിപ്പോർട്ടുകള്‍.
രാജ്യത്തെ 736 ജില്ല കേന്ദ്രങ്ങളില്‍ നടന്ന കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ വിജയകരമാണെന്നാണ് സർക്കാർ വിലയിരുത്തല്‍. അതിനാല്‍ ഉടന്‍ തന്നെ വാക്സിന് വിതരണം ആരംഭിക്കും. പൂനെ സെന്‍ട്രല്‍ ഹബില്‍ നിന്നും വ്യോമമാർഗമാണ് രാജ്യത്തെ 41 കേന്ദ്രങ്ങളിലേക്ക് വാക്സിന് എത്തിക്കുക. സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ തിങ്കളാഴ്ച 4 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന് മുമ്പായി കാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തും.
ജനപ്രതിനിധികളെയും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണം, ആദിവാസി മേഖലകളിലേക്ക് എയർ ആംബുലന്‍സ് വേണം, ഇന്‍റര്‍നെറ്റ് സേവനം സുഗമമല്ലാത്ത ജമ്മുകശ്മീരില്‍ വാക്സിന് വിതരണത്തിന് പ്രത്യേക ക്രമീകരണം വേണം തുടങ്ങിയ നിർദേശങ്ങള്‍ നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയോടെ വാക്സീന് വിതരണം ആംഭിക്കാനാകുമെന്നായിരുന്നു ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ യാത്രാ വിമാനങ്ങളെ വാക്സിന്‍ വിതരണത്തിന് സജ്ജമാക്കാന്‍ സമയം എടുക്കുന്നതായാണ് റിപ്പോർട്ടുകള്‍. വാക്സിന് വിതരണം സംബന്ധിച്ച് ചർച്ച ചെയ്യാന്‍ വ്യോമയാന മന്ത്രാലയം യോഗം ചേർന്നിരുന്നു. വിമാനക്കമ്പനികള്‍ക്കായി DGCA മാർഗരേഖ ഇറക്കിയിട്ടുണ്ട്.