India National

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തില്ല

ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരിക്കെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ച് ഇന്ത്യ വ്യക്തമായ നിലപാടെടുത്തിരിക്കുകയാണ്. അമേരിക്കയുമായി നല്ല ബന്ധത്തിലുള്ള ഇന്ത്യ ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി നിര്‍ത്തി വെക്കുമോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചത്. എണ്ണ ഇറക്കുമതി ഉള്‍പ്പടെ നിരവധി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഇന്ത്യയും ഇറാനും ആ ബന്ധങ്ങളെല്ലാം തുടരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഇറാനുമായുള്ള ബന്ധം വേണ്ടെന്നുവെക്കാന്‍ അമേരിക്കയില്‍ നിന്നും സമ്മര്‍ദ്ധമുണ്ടോ എന്ന പത്തനംതിട്ട എം.പി ആന്‍റോ ആന്‍റണിയുടെ ചോദ്യത്തിന് മുരളീധരന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ യാതൊരു പ്രശ്നവുമില്ല. അത് മറ്റുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെതുടര്‍ന്ന് മാറ്റമുണ്ടാവുന്നതല്ല.’ എണ്ണ ഇറക്കുമതി കുറച്ചിട്ടില്ലെങ്കിലും നേരിയ തോതില്‍ അതില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

വിദേശകാര്യ വകുപ്പ് മന്ത്രിയുട പ്രതികരണത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനോട് പറഞ്ഞത്. വാഷിങ്ടണില്‍ നിന്നുള്ള അഭ്യര്‍ഥന പ്രകാരം ഡല്‍ഹിയിലേക്ക് ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി കുറച്ചുവെന്നാണ് പ്രധാനമന്ത്രി ട്രംപിനോട് പറഞ്ഞത്.