India National

പാക് ആക്രമണശ്രമം പരാജയപ്പെടുത്തിയെന്ന് വിദേശകാര്യമന്ത്രാലയം

ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണത്തിന് തയ്യാറെടുത്ത പാകിസ്ഥാന്‍ ശ്രമം പരാജയപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനം വെടിവെച്ചിട്ടു. പ്രതിരോധത്തിനിടെ ഒരു മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റിനെ കാണാതായെന്ന് വിദേശകാര്യ വക്താവ് റവീഷ് കുമാര്‍ സ്ഥിരീകരിച്ചു. ഇയാള്‍ കസ്റ്റഡിയിലുണ്ടെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാകിസ്താന്‍ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

നിയന്ത്രണ രേഖക്ക് സമീപം മിഗ് 21 വിമാനം പറപ്പിക്കുന്നതിനിടെയാണ് പൈലറ്റിനെ കാണാതായത്. പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു. ഈ അവകാശവാദം പരിശോധിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അഭിനന്ദിന്റേത് എന്ന് അവകാശപ്പെട്ട് ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പാക് പ്രകോപനം തുടരുകയാണ്. പാക് പോസ്റ്റുകള്‍ തകര്‍ത്ത് ഇന്ത്യ തിരിച്ചടിച്ചു. കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തിയിലെ വ്യോമ താവളങ്ങള്‍ പാകിസ്താനും അടച്ചു. ലാഹോര്‍, മുള്‍താന്‍, ഫൈസലാബാദ്, സിയാല്‍ക്കോട്ട്, ഇസ്ലാമാബാദ് എന്നിവയാണ് അടച്ചത്.