India National

പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപസാധ്യത;യു.എസ് ഇന്റലിജന്‍സ് മേധാവി

പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്കു ശക്തമായ സാധ്യതയുണ്ടെന്ന് അമേരിക്ക ഇന്റലിജന്‍സ് മേധാവിയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിക്കു സമര്‍പ്പിച്ച രേഖയിലാണ് ഭരണകക്ഷിയായ ബിജെപി, ഹിന്ദു ദേശീയതാ വിഷയങ്ങളില്‍ ഊന്നി മുന്നോട്ടുപോയാല്‍ കലാപ സാധ്യതയെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സ് മുന്നറിയിപ്പു നല്‍കിയത്.

2019ല്‍ ലോകം നേരിടുന്ന ഭീഷണികള്‍ സംബന്ധിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ കലാപസാധ്യതയെക്കുറിച്ചു പരാമര്‍ശമുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയായ ബി.ജെ.പി ഹിന്ദുത്വ ദേശീയതയില്‍ കേന്ദ്രീകരിച്ചാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു ഡാന്‍ കോട്‌സ് സെലക്ട് കമ്മിറ്റി അംഗങ്ങളോടു പറഞ്ഞു. ഇദ്ദേഹത്തിനൊപ്പം സി.ഐ.എ ഡയറക്ടര്‍ ജിന ഹാസ്‌പെല്‍, എഫ്.ബി.ഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ, ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ റോബര്‍ട്ട് ആഷ്‌ലി എന്നിവര്‍ ഉള്‍പ്പെടെ മറ്റു രഹസ്യാന്വേഷണ ഏജന്‍സികളുടെ മേധാവിമാരും സന്നിഹിതരായിരുന്നു. സി.ഐ.എ ഡയറക്ടര്‍ ജിന ഹാസ്‌പെല്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ വേരുപിടിച്ചിട്ടുണ്ട്. അനുയായികളെ പ്രകോപിപ്പിച്ച് താഴേത്തട്ടില്‍ നിന്ന് അക്രമങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ബി.ജെ.പി നേതാക്കളുടെ ശ്രമം. വര്‍ധിച്ചു വരുന്ന അക്രമസംഭവങ്ങള്‍ ഇന്ത്യന്‍ മുസ്‍ലിംകളെ ഒറ്റപ്പെടുത്തുകയും അതുവഴി ഇസ്‍ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ സ്വാധീനമുറപ്പിക്കുന്നതിന് അവസരം ഒരുക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 മെയ് വരെ ഇന്ത്യ പാക് ബന്ധവും വളരെ അസ്വസ്ഥമായിരിക്കും. അതിര്‍ത്തി കടന്നുള്ള തീവ്രവാദം, നിയന്ത്രണ രേഖ കടന്നുള്ള വെടിവെപ്പ് എന്നിവ ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിെന ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.