India National

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രാന്‍സിലെ നോത്രദാം ബസലിക്കയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഒട്ടേറെ ലോകരാഷ്ട്രങ്ങള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഫ്രാന്‍സില്‍ ഇന്നലെ നടന്നതടക്കമുള്ള ഭീകരവാദ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ഫ്രാന്‍സിലെ ജനങ്ങളോടുമുള്ള അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഏത് സാഹചര്യത്തിലായാലും ഭീകരവാദത്തിന് ന്യായീകരണമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ സംഭവത്തെ അപലപിച്ചിരുന്നു. എല്ലാതരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഫ്രാന്‍സിനൊപ്പമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്യക്തമാക്കി. തുര്‍ക്കി, ഇറാന്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങളും സംഭവത്തെ ശക്തമായി അപലപിച്ചു.

ഇന്നലെയാണ് ഫ്രാന്‍സിലെ തീരദേശ നഗരമായ നീസിലെ നോത്രദാം ബസലിക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. ബസലിക്കയ്ക്ക് അകത്തുകയറിയാണ് ഭീകരന്‍ ആക്രമണം അഴിച്ചുവിട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. വൃദ്ധയുടെ തല അറുത്തുമാറ്റിയ അക്രമി പുരുഷന്റെ കഴുത്ത് അറുത്തു. ഉടന്‍ സംഭവ സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വെടിവെച്ച് കീഴ്‌പ്പെടുത്തിയ ശേഷം പിടികൂടി. മതനിന്ദ ആരോപിച്ച് പാരിസില്‍ അധ്യാപകനെ തലയറുത്തു കൊന്ന സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഫ്രാന്‍സ് മുക്തമാകുന്നതിനിടെയാണ് പുതിയ ആക്രമണം. സംഭവത്തിന് പിന്നാലെ നോത്രദാം കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക ഭീകരാണെന്ന് പ്രതികരിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്ക് ഫ്രാന്‍സ് അതിന്റെ മൂല്യങ്ങള്‍ അടിയറവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.