India National

ലോകത്തിന് മുഴുവനുമുള്ള കോവിഡ് വാക്സിനുണ്ടാക്കാന്‍ ഇന്ത്യക്ക് കഴിയും: ബില്‍ ഗേറ്റ്സ്

ലോകത്തിന് മുഴുവനുമുള്ള കോവിഡ് പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് അതിനുള്ള കഴിവുണ്ടെന്നാണ് ബില്‍ ഗേറ്റ്സ് പറഞ്ഞത്.

മരുന്നുകളുടെയും വാക്സിന്‍റെയും കാര്യത്തില്‍ ഇന്ത്യയിൽ ഒട്ടേറെ പ്രധാനപ്പെട്ട കാര്യങ്ങൾ നടന്നിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്ക് മരുന്ന് വിതരണം ചെയ്യാന്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് കഴിയുന്നു. മറ്റ് എവിടെ വികസിപ്പിച്ചതിനേക്കാളും വാക്സിന്‍ ഇന്ത്യയില്‍ വികസിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിലും ഇന്ത്യൻ മരുന്ന് കമ്പനികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ കുറിച്ച് ഡിസ്കവറി പ്ലസ് സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ ഇ, ഭരത് ബയോടെക് തുടങ്ങിയ കമ്പനികളുടെ പേരുകളും ബില്‍ ഗേറ്റ്സ് പരാമര്‍ശിച്ചു. കോവിഡ് എന്ന മഹാമാരിയെ നേരിടാനും മരണ നിരക്ക് കുറയ്ക്കാനും വാക്സിന്‍ കണ്ടെത്തേണ്ടതുണ്ട്. വലിയ രാജ്യമായതുകൊണ്ടുതന്നെ ആരോഗ്യ രംഗത്ത് ഇന്ത്യ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. നഗരങ്ങളിൽ ജനസാന്ദ്രത കൂടുതലാണ്. അതാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നും ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.