കൊവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് കടുത്ത ഓക്സിജൻ പ്രതിസന്ധി. ഓക്സിജൻ ഉത്പാദനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മിച്ച രാജ്യമായിരുന്നു ഇന്ത്യ. കഴിഞ്ഞവർഷം 9,300 ൽ അധികം മെട്രിക് ടൺ ഓക്സിജൻ കയറ്റുമതി ചെയ്ത ഇന്ത്യക്ക് ഇപ്പോഴത്തെ പ്രതിസന്ധി നേരിടാൻ ഇറക്കുമതിചെയ്യേണ്ട അവസ്ഥയാണ്.
2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ 9,294 മെട്രിക് ടൺ ഓക്സിജനാണ് ഇന്ത്യ കയറ്റി അയച്ചത്. ഇതിൽ അധികവും നൽകിയത് ബംഗ്ലാദേശിനാണ്. മുൻ വർഷത്തേക്കാൾ ഇരട്ടിയാണ് കഴിഞ്ഞ വർഷം കയറ്റി അയച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വ്യാവസായിക, മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതരത്തിലാണ് ഇന്ത്യയുടെ കയറ്റുമതി. വ്യാവസായിക ആവശ്യങ്ങൾക്കായാണ് പ്രധാനമായും മുമ്പ് ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് ഓക്സിജൻ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം കൊറോണ വ്യാപന സാഹചര്യത്തിലാണ് ഇന്ത്യ റെക്കോർഡ് കയറ്റുമതി നടത്തിയത്.
അതേസമയം കൊവിഡ് വ്യാപന തീവ്രത കനത്തതോടെ ഓക്സിജൻ ക്ഷാമത്തിൽ ഇപ്പോൾ ഇന്ത്യ നട്ടം തിരിയുകയാണ്. രാജ്യത്തെ ആശുപത്രികൾ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി ഓക്സിജന്റെ അപര്യാപ്തതയാണ്. ഡൽഹിയിലെ ആശുപതികളിൽ മണിക്കൂകൾ മാത്രമേ ഇനി ഓക്സിജൻ ലഭ്യമാകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ചത്തീസ്ഗഡ് തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥയും മറ്റൊന്നല്ല. സംസ്ഥാനങ്ങളുടെ ആവശ്യം കനത്തതോടെ 50000 മെട്രിക് ടൺ ഓക്സിജൻ ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. മാത്രമല്ല നാളെ മുതൽ വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓക്സിജൻ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി. 850 മെടിക്ടൺ ഓക്സിജനായിരുന്നു കൊവിഡിന് മുമ്പ് ഇന്ത്യയുടെ പ്രതിദിന ഉപയോഗം. എന്നാൽ ഇപ്പോൾ ഇത് 4,300 മെട്രിക് ടണിലെത്തി.