India

“തെറ്റിദ്ധരിപ്പിക്കുന്നത്” ഇന്ത്യയെ ഭാഗിക സ്വതന്ത്ര രാജ്യമാക്കിയ റിപ്പോർട്ട് തള്ളി കേന്ദ്രം

ഇന്ത്യയെ സ്വതന്ത്ര രാജ്യത്തിൽ നിന്നും ഭാഗിക സ്വതന്ത്ര രാജ്യമാക്കിയ ഫ്രീഡം ഹൗസ് റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. റിപ്പോർട്ട് തെറ്റും തെറ്റിദ്ധാരണാജനകവുമാണെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഭരിക്കുന്നതെന്നും സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഇവയെന്നുമുള്ള യാഥാർഥ്യത്തിൽ തന്നെ ആ റിപ്പോർട്ട് തെറ്റാണെന്നു തെളിയിക്കപ്പെടുന്നുവെന്ന് കേന്ദ്രം പറഞ്ഞു.

” ഊർജസ്വലമായ, വിവിധങ്ങളായ അഭിപ്രായങ്ങൾക്ക് ഇടം നൽകുന്ന ഒരു ജനാധിപത്യമാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇത് തെളിയിക്കുന്നു. “

അമേരിക്ക ആസ്ഥാനമായ ഫ്രീഡം ഫ്രീഡം ഹൗസ് എന്ന അന്താരാഷ്ട്ര സംഘടന അവരുടെ വാർഷിക റിപ്പോർട്ടിൽ ഡൽഹി വംശഹത്യ, വിയോജിക്കുന്നവർക്കെതിരെയുള്ള രാജ്യദ്രോഹ നിയമത്തിന്റെ ഉപയോഗം, കുടിയേറ്റ തൊഴിലാളികളുടെ വിഷയം, കോവിഡിനെ പ്രതിരോധിക്കാനുള്ള ലോക്ക്ഡൗൺ പ്രഖ്യാപനം തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ച് ഇന്ത്യയെ സ്വതന്ത്ര രാജ്യ പദവിയിൽ നിന്നും ഭാഗിക സ്വതന്ത്ര രാജ്യമാക്കി തരാം താഴ്ത്തിയിരുന്നു.

“ഭരണഘടന വിഭാവന ചെയ്യുന്ന തുല്യതയിലാണ് ഇന്ത്യ ഗവൺമെന്റ് എല്ലാ പൗരന്മാരോടും പെരുമാറുന്നത്. എല്ലാ നിയമങ്ങളും വിവേചനരഹിതമായാണ് നടപ്പാക്കിയത്. ക്രമസമാധാന പ്രശ്നങ്ങളിൽ ആരോപിതരുടെ വ്യക്തിവിവരങ്ങൾ നോക്കാതെ നിയമ പ്രക്രിയ നടക്കുന്നവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ” – കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.

“കഴിഞ്ഞ വർഷമാദ്യം വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ നിയമ നിർവഹണ സംവിധാനം പെട്ടെന്നും പക്ഷപാതിത്വരഹിതമായും ഇടപെട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ എടുത്തു. ലഭിച്ച എല്ലാ പരാതികളിലും നടപടിക്രമപ്രകാരം ആവശ്യമായ നിയമ-പ്രതിരോധ നടപടികൾ നിയമ നിർവഹണ സംവിധാനം കൈക്കൊണ്ടിരുന്നു. ” – പ്രസ്താവനയിൽ പറയുന്നു.

സംവാദങ്ങളും വിയോജിക്കലും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും പ്രസ്താവനയിൽ പറയുന്നു. ലോക്ക്ഡൗൺ മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാരെടുത്ത നടപടികളും പ്രസ്താവനയിൽ പറയുന്നുണ്ട്. ഇന്ത്യയടക്കം 73 രാജ്യങ്ങളെയാണ് ബുധനാഴ്ച പുറത്തിറങ്ങിയ ഫ്രീഡം ഹൗസ് റിപ്പോർട്ടിൽ തരംതാഴ്ത്തിയത്.