India National

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ആകെ മരണം 65,000 കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. ആകെ രോഗബാധിതരുടെ എണ്ണം 37 ലക്ഷത്തിന് അടുത്തെത്തി. മരണങ്ങൾ 65,000 കടന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ പുനെ ഡൽഹിയെ മറികടന്നു.

ഇരുപത് ലക്ഷത്തിന് അടുത്ത് പോസിറ്റീവ് കേസുകളും, 28,000ൽപ്പരം മരണങ്ങളും റിപ്പോർട്ട് ചെയ്ത മാസമാണ് കടന്നുപോയത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 36,91,166 ആയി. ആകെ മരണം 65,288 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 69,921 പോസിറ്റീവ് കേസുകളും 819 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി. പുതിയ രോഗികളുടെ എണ്ണം വർധിക്കുന്ന ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തിസ്ഗഢ്, ഒഡിഷ സംസ്ഥാനങ്ങളിൽ കേന്ദ്രസംഘത്തെ നിയോഗിച്ചു.

അതേസമയം, രോഗമുക്തി നിരക്ക് 76.94 ശതമാനമായി ഉയർന്നത് ആശ്വാസമായി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 28 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 65,081 പേർ രോഗമുക്തരായി. മരണനിരക്ക് 1.77 ശതമാനമായി കുറഞ്ഞു. ഇന്നലെ 10,16,920 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി.