India

കുട്ടികൾക്കുള്ള വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമായി തുടരുന്നു : നീതി ആയോഗ്

കുട്ടികൾക്കുള്ള വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമായി തുടരുന്നുവെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ. ലോകത്തൊരിടത്തും കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചിട്ടില്ലെന്നും വി.കെ പോൾ പറഞ്ഞു. മുതിർന്നവർക്കുള്ള വാക്സിനേഷൻ പൂർത്തീകരിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ( india begins child vaccination soon )

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം അനിവാര്യമാണെന്ന് വി. കെ .പോൾ ചൂണ്ടിക്കാട്ടി. കൊവാക്സിൻ എടുത്തവരുടെ വിദേശ യാത്രക്ക് തടസങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പരാമർശം.

ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കുമെന്ന് ഇന്നലെ വാർത്തകൾ പുറത്ത് വന്നിരുന്നു. അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളുടെ പരാതികൾ പരിഹരിക്കപ്പെടും. കൊവാക്സിൻ കയറ്റുമതിക്കും അം​ഗീകാരം സഹായകമാകും.

ഇന്ത്യയിൽ നിലവിൽ ഉപയോ​ഗത്തിലുള്ള മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോട്ടെക്ക് വികസിപ്പിച്ച കൊവാക്സിൻ. 78 ശതമാനം ഫലപ്രാപ്തിയുള്ള കൊവാക്സിനെ കുറിച്ചുള്ള കൂടുതൽ പഠന റിപ്പോർട്ട് പുറത്തുവരാനുണ്ട്. ​ഗുരുതര കൊവിഡ് ലക്ഷണങ്ങൾക്കെതിരെ 93.4 ശതമാനം ഫലപ്രാപ്തിയും അസിംറ്റമാറ്റിക് കൊവിഡിൽ നിന്ന് 63.6 ശതമാനം സംരക്ഷണവും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

​ഗുണനിലവാരം, സുരക്ഷ, ഫലപ്പാപ്തി, റിസ്ക് മാനേജ്മെന്റ് പ്ലാൻസ്, എന്നിവ കണക്കിലെടുത്താണ് ലോകാരോ​ഗ്യ സംഘടന വാക്സിന് അടിയന്തര ഉപയോ​​ഗത്തിനുള്ള അനുമതി നൽകുന്നത്. നിലവിൽ ആസ്ട്രസിനെക്ക-ഓക്സ്ഫോർ വാക്സിൻ, ജോൺസൻ ആന്റ് ജോൺസൻ, ഫൈസർ, സിനോഫാം , സിനോവാക്ക് എന്നീ വക്സിനുകൾക്ക് അടിയന്തര ഉപയോ​ഗത്തിനായി ലോകാരോ​ഗ്യ സംഘടന അനുമതി നൽകിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നു. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിമർ ഡയറക്ടർ ജഗത് റാം പറഞ്ഞു. സിറോ സർവെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. സിറോ സർവേയിൽ 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായി റിപ്പോർട്ടി പറയുന്നു.