India

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വര്‍ധന; ആശങ്ക

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിലുള്ള 73 ജില്ലകളില്‍ 50 ശതമാനവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയില്‍ വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് സാഹചര്യം വിലയിരുത്തും.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളില്‍ നേരിയ വര്‍ധനവുണ്ടായി. 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 930 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ പതിനായിരത്തോളം കേസുകളുടെ വര്‍ദ്ധനവ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഉണ്ടായി. മരണസംഖ്യയും വര്‍ധിച്ചു. 97.18 ശതമാനമാണ് രോഗമുക്തി നിരക്ക്.

കേരളവും മഹാരാഷ്ട്രയുമാണ് പ്രതിദിന കേസുകളും മരണവും ഉയര്‍ന്നുനില്‍ക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് മൂലമുള്ള മരണത്തില്‍ നിന്നും 95 ശതമാനം സുരക്ഷ നേടുമെന്ന് ഐസിഎംആറിന്റെ പഠനത്തില്‍ പറയുന്നു. ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ 82% മാകും സുരക്ഷ ലഭിക്കുക. കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന് വേഗം കൂട്ടുകയാണ് പ്രധാനമെന്ന് വ്യക്തമാക്കുന്നതാണ് പഠനം.