ദേശീയ സുരക്ഷ, പുതുതായി രൂപീകരിച്ച സി.ഡി.എസ്, പാക് അധീന കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ നയം വ്യക്തമാക്കി പുതിയ കരസേന മേധാവി എം.എം നരവനെ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുതിയ കരസേന മേധാവി ഇക്കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയത്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകണമെന്ന് പാർലമെന്റ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നരവാനെ പറഞ്ഞു. ജമ്മു കശ്മീർ മുഴുവൻ ഇന്ത്യയുടെ ഭാഗമാണെന്ന പാർലമെന്റ് പ്രമേയമുണ്ട്. പാർലമെന്റിന് അതാണ് വേണ്ടതെങ്കില്‍ പാക് അധീന കശ്മീരും നമ്മുടേതായിരിക്കണം. അതിനുള്ള ഉത്തരവുകൾ ലഭിച്ചാല്‍ ഞങ്ങൾ ഉചിതമായ നടപടി സ്വീകരിക്കും.” നരവാനെ പറഞ്ഞു.
സി.ഡി.എസ് പദവി സൃഷ്ടിച്ചത് മൂന്ന് സേനകളുടെയും സംയോജനത്തിനുള്ള വളരെ വലിയ നടപടിയാണെന്നും കരസേനാ മേധാവി എം.എം നരവാനെ വിശേഷിപ്പിച്ചു. കരസേന ഇതിന്റെ വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയോടുള്ള കൂറ് എല്ലായ്പ്പോഴും ഞങ്ങളെ നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. “ഭരണഘടനയിലെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നമ്മളെ നയിക്കണം,” അദ്ദേഹം പറഞ്ഞു. ഭാവിയിലെ സങ്കീർണ്ണമായ യുദ്ധങ്ങൾക്ക് സൈന്യത്തെ സജ്ജമാക്കുന്നതിലാണ് പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പത്രസമ്മേളനത്തിൽ സംസാരിച്ച ജനറൽ നരവാനെ പറഞ്ഞു. വടക്കൻ അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ തങ്ങൾ തയ്യാറാണെന്നും ചൈനയെക്കുറിച്ച് ചോദിച്ചപ്പോൾ കരസേനാ മേധാവി പറഞ്ഞു. അതിനൂതന ആയുധ സംവിധാനങ്ങൾ ഉൾപ്പെടെ വടക്കൻ അതിർത്തിയിലേക്ക് എത്തിച്ച് തയ്യാറെടുപ്പുകള്‍ സമതുലിതമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.