India National

‘പ്രസംഗിക്കുന്ന കാര്യങ്ങള്‍ ഭഗവത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ രാജ്യം രക്ഷപ്പെടും’

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്. തന്റെ പ്രസംഗത്തില്‍ പറഞ്ഞ പോലെ മോഹന്‍ ഭഗവതും സംഘവും പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്‌നമേ രാജ്യത്തുള്ളുവെന്ന് ദിഗ്‍വിജയ് സിങിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ അണികളെ സംബോധന ചെയ്യുന്നതിനിടയിലാണ് രാജ്യത്ത് മൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കേണ്ടതിനെ കുറിച്ച് ഭഗവത് സംസാരിച്ചത്. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ‘ആള്‍ക്കൂട്ട കൊലപാതകം’ എന്ന പദം ഉപയോഗിക്കരുതെന്നും ഭഗവത് പറയുകയുണ്ടായി.

ഗാന്ധിയെ പോലെ സ്നേഹത്തെ കുറിച്ചും ഐക്യത്തെ കുറിച്ചുമൊക്കെയാണ് ആര്‍.എസ്.എസ് നേതാവ് പ്രസംഗിച്ചത്. ഈ കാര്യങ്ങള്‍ അവര്‍ തന്നെ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിക്കുന്ന ദിവസം രാജ്യം രക്ഷപ്പെടുമെന്ന് ദിഗ്‍വിജയ് സിങ് ഭോപാലില്‍ പറയുകയായിരുന്നു.

‘ലിഞ്ചിങ്’ എന്നത് പാശ്ചാത്യ നിര്‍മ്മിതിയാണെന്നും, ഇന്ത്യന്‍ സാഹചര്യത്തില്‍ അത് ചേരില്ലെന്നുമാണ് ഭഗവത് പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുകയുണ്ടായി.

ആള്‍ക്കൂട്ടക്കൊലകള്‍ക്കല്ല, ആ പദം ഉപയോഗിക്കുന്നതിലാണ് ആര്‍.എസ്.എസ് ആശങ്കപ്പെടുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആള്‍ക്കൂട്ട ആക്രമികള്‍ക്ക് പൂമാലയിട്ട് സ്വീകരണം നല്‍കുന്നതിന് പകരം, അതവസാനിപ്പക്കണമെന്ന് പറയാന്‍ മോഹന്‍ ഭഗവത് തയ്യാറാകണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.