തിങ്കളാഴ്ച പ്രയാഗ് രാജിലെ ബഹദൂർഗഞ്ച് പ്രദേശത്ത് നിന്നും വ്യാപാരിയായ രവി ഗുപ്ത സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് സമ്മതം വാങ്ങാതെ തങ്ങളുടെ വീടുകള്‍ക്ക് കാവിനിറം പൂശിയതിനെതിരേ പരാതിയുമായി വ്യാപാരി രംഗത്ത്. ഒരു സംഘം ആളുകളാണ് വീടുകളില്‍ കാവി നിറം പൂശിയത്. ഇത് തടയാന്‍ ശ്രമിച്ച തന്നെ അവര്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. യു.പി മന്ത്രിയായ നന്ദഗോപാല്‍ നന്ദി താമസിക്കുന്നതും ഈ പ്രദേശത്താണ്. ഈ മേഖലയിൽ വികസനപ്രവർത്തനം നടത്തുകയാണെന്നും വിവാദം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച പ്രയാഗ് രാജിലെ ബഹദൂർഗഞ്ച് പ്രദേശത്ത് നിന്നും വ്യാപാരിയായ രവി ഗുപ്ത സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഒരു സംഘമാളുകൾ വീടിന്റെ പുറം ഭാഗത്ത് കാവി നിറം പൂശുന്നതാണ് വീഡിയോയിലുള്ളത്. എത്രത്തോളം ഗുണ്ടായിസമാണ് ഇവിടെ വർധിച്ചിരിക്കുന്നതെന്നും ഞാൻ പറയുമ്പോൾ നിങ്ങൾ നിർത്തണമെന്നും പറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ അവിടെ വന്ന സംഘം ഇതൊന്നും ശ്രദ്ധിക്കാതെ കാവി നിറം പൂശുകയായിരുന്നു. ‘എന്റെ വീടിനു പെയിന്റടിക്കണ്ട എന്ന് പറഞ്ഞതിന് എന്നെ അവര്‍ അപമാനിച്ചു. എന്റെ വീടിനും എന്റെ സമ്മതമില്ലാതെ അവര്‍ ചായം പൂശി. ഒരു പൗരനെന്ന നിലയില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള എന്റെ അവകാശത്തിലാണ് അവര്‍ കൈ കടത്തിയത്’, രവി ഗുപ്ത കുറ്റപ്പെടുത്തി.
പ്രയാഗ് രാജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി നന്ദഗോപാലിന്റെ ബന്ധുവായ കേശാര്‍വാണിയാണ് കേസിലെ പ്രധാന പ്രതി.
എന്നാല്‍ ഇതില്‍ ഗൂഡാലോചന നടന്നുവെന്നാണ് മന്ത്രി ആരോപിക്കുന്നത്. ‘ഇതില്‍ കാവി നിറം മാത്രമല്ല ഉള്ളത്. പച്ചയും ചുവപ്പും ചോക്കലേറ്റ് നിറവുമെല്ലാം നിങ്ങള്‍ക്ക് കാണാം. എതിര്‍ക്കുന്നവരെല്ലാം വികസനവിരോധികളാണ്’, നന്ദഗോപാല്‍ കുറ്റപ്പെടുത്തി.