India National

അതിര്‍ത്തിയില്‍ രണ്ടാം ദിവസവും പാക് പ്രകോപനം തുടരുന്നു

ജെയ്‌ഷെ താവളങ്ങളെ തകര്‍ത്ത ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം രണ്ടാം ദിവസവും പാകിസ്താന്‍ പ്രകോപനം തുടരുന്നു. അതിര്‍ത്തിയില്‍ പലയിടത്തും പാക്‌സേന വെടിവെയ്പ് നടത്തി. സുരക്ഷവിലയിരുത്താന്‍ പ്രതിരോധ മന്ത്രി മൂന്ന് സേനാ മേധാവിമാരുമായും യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് പ്രത്യേക മന്ത്രിസഭയോഗം ചേരും.

അതിര്‍ത്തിയില്‍ മൂന്നിടങ്ങളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം. പൂഞ്ച്, ആര്‍.എസ് പുര, കൃഷ്ണഘട്ടി സെക്ടറുകളിലാണ് പാക് സേന വെടിവെയ്പ് നടത്തിയത്. പൂഞ്ചില്‍ ഒരു മണിക്കൂറോളം വെടിവെയ്പ് തുടര്‍ന്നെങ്കിലും ഇന്ത്യന്‍ ഭാഗത്ത് ആളപായമില്ല. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അതിര്‍ത്തിയില്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ആശുപത്രി മേല്‍ക്കൂരകളില്‍ റെഡ് ക്രോസ് ചിഹ്നം പെയിന്റ് ചെയ്തു.

ഡല്‍ഹി മെട്രോയിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. സുരക്ഷാവിലയിരുത്തലിനായി വിവിധ തലത്തിലെ യോഗങ്ങള്‍ ഡല്‍ഹിയില്‍ നടന്നു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കര-നാവിക-വ്യോമസേനാ മേധാവികളുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതരാമന്‍ കൂടിക്കാഴ്ച നടത്തി. രാവിലെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആഭ്യന്തര സുരക്ഷ അവലോകനം ചെയ്തു. വൈകിട്ട് ഏഴ് മണിക്കാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രത്യേക മന്ത്രിസഭ യോഗം ചേരുന്നുണ്ട്. രാജ്യസുരക്ഷയും സൈനികന്റെ മോചനവും തന്നെയാകും മുഖ്യ അജണ്ട.

മറുവശത്ത് പാകിസ്താനും ജാഗ്രതയിലാണ്. ലാഹോര്‍ ഡല്‍ഹി സംഝോത എക്‌സ്പ്രസ് തീവണ്ടി പാകിസ്താന്‍ റദ്ദാക്കി. രാവിലെ 7.30ക്ക് പുറപ്പെടേണ്ടിയിരുന്ന തീവണ്ടി റദ്ദാക്കിയതോടെ യാത്രക്കാര്‍ കുടുങ്ങി. പാകിസ്താന്‍ വ്യോമ മേഖല താത്കാലികമായി അടച്ചു. ഇതുവഴിയുള്ള ആഭ്യന്തര അന്തര്‍ദേശീയ വ്യോമ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നതായും വാര്‍ത്തകളുണ്ട്.