India National

മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ; പൂനെയില്‍ മതില്‍ തകര്‍ന്ന് 17 മരണം

മഹാരാഷ്ട്രയിലും ഗുജറാത്തിലും ശക്തമായ മഴ. പൂനെയില്‍ മതില്‍ തകര്‍ന്ന് 17 പേര്‍ മരിച്ചു. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 1.45 ഓടെയാണ് അപകടം നടന്നത്. പൂനെ കോന്ദ്‍വാ പ്രദേശത്തുള്ള റെസിഡന്‍ഷ്യല്‍ കോംപക്ലസിന്റെ മതിലാണ് ഇടിഞ്ഞു വീണത്. മൂന്നോ നാലോ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. നഗരങ്ങളിലെ വെള്ളക്കെട്ട് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചിരിക്കുന്നത്.

മഴയില്‍ നഗരത്തിലെ ബസ് സര്‍വീസ് അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ പലയിടത്തും മുടങ്ങിയിരിക്കുകയാണ്. ട്രെയിനുകള്‍ അരമണിക്കൂറോളം വൈകി ഓടുന്നു. ചിലയിടങ്ങളില്‍ മാന്‍ഹോളുകള്‍ തുറന്നു കിടക്കുന്നതിനാല്‍ ജാഗ്രത വേണമെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് താനെയിലെ സ്കൂളില്‍ നിന്ന് ഇന്നലെ കുട്ടികളെ ഒഴുപ്പിച്ചിരുന്നു. വെള്ളക്കെട്ടിനെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്ധേരിയിലും ഗോരഗാവിലും കനത്ത മഴക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു വിവിധ ഇടങ്ങളില്‍ നടന്ന അപകടങ്ങളില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മറോളിലും സാകിനാകയിലും സബ് വേയില്‍ വെള്ളം നിറഞ്ഞുവെങ്കിലും പമ്പ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.