India

കനത്ത ചൂടിലുരുകി കേരളം; ചുട്ടു പൊള്ളിച്ച് രോഗങ്ങളും

കേരളം ചുട്ടുപൊള്ളുമ്പോള്‍ രോഗങ്ങളും മലയാളിയെ പൊള്ളിക്കുന്നു. ക്ഷീണം, നിര്‍ജ്ജലീകരണം, മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമാണ്. സൂര്യാതപം, സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വെയിലേറ്റ് പണിയെടുക്കുന്നവര്‍ക്കാണ് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുക. കടുത്ത ക്ഷീണം, നിര്‍ജ്ജലീകരണം എന്നിവ വ്യാപകമാകുന്നു. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് തടയാന്‍ മുന്‍കരുതലെടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. പലയിടത്ത് നിന്നും ചൂട് അകറ്റാന്‍ തണുത്ത ജ്യൂസ് ഉള്‍പ്പെടെയുള്ളവ കഴിക്കുന്നത് കാരണം നിരവധി പേരാണ് വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രികളില്‍ എത്തുന്നത്.

വെയിലില്‍ നിന്ന് പരമാവധി മാറിനില്‍ക്കുക, ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുക, അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക .കുറഞ്ഞത് ഇത്രയെങ്കിലും കരുതലുണ്ടായാല്‍ ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളില്‍ രക്ഷ നേടാനാവും.