India National

ഹാഥ്റസില്‍ മൃതദേഹം സംസ്കരിച്ച സംഭവം കാണിച്ചത് മനുഷ്യാവകാശലംഘനമെന്ന് ഹൈക്കോടതി

ഹാഥ്റസ് ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ച സംഭവത്തില്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയോടും പെണ്‍കുട്ടിയുടെ കുടുംബത്തോടും കാണിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി. അര്‍ധരാത്രി കുടുംബത്തെ ബന്ധികളാക്കിയാണ് പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. ക്രമസമാധാനം മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ സംസ്കാരം നടത്തിയത് എന്ന വിശദീകരണമാണ് പൊലീസും ഭരണകൂടവും അന്ന് നല്‍കിയത്.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി കേട്ട പൂര്‍ണമായും കേട്ട ശേഷമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‍നൌ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം പങ്കുവെച്ചത്. ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് രാജന്‍ റോയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

പെണ്‍കുട്ടിയുടെ സംസ്കാരം നടത്തിയതിലുള്‍പ്പെടെ പൊലീസിന്‍റെ പങ്ക് പരിശോധിക്കേണ്ടതുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശവസംസ്കാര ചടങ്ങ് മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അനുസരിച്ച് നടത്താന്‍ കുടുംബാംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും, ഈ ചടങ്ങ് നിര്‍വഹിക്കേണ്ടത് കുടുംബമായിരുന്നുവെന്നും കോടതി എടുത്ത് പറഞ്ഞു.

പെണ്‍കുട്ടിക്കെതിരെ എതിര്‍ഭാഗം നടത്തുന്ന മോശം പരാമര്‍ശങ്ങളെ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പ്രശ്നത്തിന്‍റെ ഗൌരവം കണക്കിലെടുത്ത് പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥരോടും രാഷ്ട്രീയപ്രവര്‍ത്തകരോടും, ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ചര്‍ച്ച ചെയ്യുമ്പോഴും സംയമനം പാലിക്കണമെന്ന് മാധ്യമങ്ങളോടും കോടതി ആവശ്യപ്പെട്ടു.

സെപ്തംബര്‍ 12 നാണ് ഉത്തര്‍പ്രദേശിലെ ഹാഥ്റാസില്‍ പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്. രണ്ടാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടി മരിക്കുകയും ചെയ്തു. മരണത്തിന് ശേഷം വീട്ടുകാരുടെ അനുമാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.