India National

ഹാഥ്റാസിലെ ദലിത് പെണ്‍കുട്ടിയുടെ പീഡനം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനുറച്ച് കോണ്‍ഗ്രസ്

ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനുറച്ച് കോണ്‍ഗ്രസ്. പി.സി.സികളുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക സത്യഗ്രഹം നടത്തും. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ ഇടപെടല്‍ ബി.ജെ.പിക്കും സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടികള്‍ക്കും ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്.

ഹാഥ്റാസിലെ പെണ്‍കുട്ടിക്ക് നീതീ തേടിയും കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും ജില്ല മജിസ്ട്രേറ്റിനെതിരെ നടപടിയും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. സംസ്ഥാനങ്ങളിലെ ഗാന്ധി – അംബേദ്കർ പ്രതിമകള്‍ക്കും മറ്റ് സുപ്രധാന സ്ഥലങ്ങള്‍ക്കും മുന്നില്‍ സത്യഗ്രഹം നടത്തും.

മുഖ്യ പ്രതിപക്ഷമായ എസ്പിയും ബിഎസ്പിയും മൌനം പാലിച്ചിടത്ത് കോണ്ഗ്രസ് സമരം നടത്തുന്നതിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബി.ജെ.പിക്കും അത് തിരിച്ചടിയായേക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമസഹായം നല്‍കാനാണ് നിലവിലെ നീക്കം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും യു.പി നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ തിരിച്ച് വരവ് ഇതിലൂടെ പ്രതീക്ഷിക്കുന്നുണ്ട്. 25 ശതമാനം ദലിതരുള്ള യുപിയിലും രാജ്യത്തും കോണ്‍ഗ്രസ് സമരങ്ങള്‍ ഏറ്റെടുക്കുന്നില്ല എന്ന രീതിയില്‍ നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പഞ്ചാബിലെ ടാക്ടർ റാലിയിലൂടെ കർഷക പ്രതിഷേധങ്ങളുടെ നേതൃത്വത്തിലേക്കും വന്നിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇതോടെ അധ്യക്ഷ പദത്തിലേത്ത് രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനുള്ള കളമൊരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.